ഇന്ത്യയിലെ നിയമം കശ്മീരില്‍ എത്തുമ്പോള്‍ മാറുന്നു; ഒത്തുതീര്‍പ്പ് ആവാത്തതിനാല്‍ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുന്നതായി ഷെഹ്‌ല റാഷിദ്

ന്യൂഡല്‍ഹി: പ്രധാന നേതാക്കളെല്ലാം ഇപ്പോഴും വീട്ടുതടങ്കലില്‍ ആയിരിക്കെ ജമ്മു കശ്മീരില്‍ ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ (ബിഡിസി) തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര തീരുമാനത്തെ എതിര്‍ത്ത് ഷെഹ്‌ല റാഷിദ്. താഴ്‌വരയില്‍ ആശയവിനിമയ സംവിധാനങ്ങള്‍ ഇപ്പോഴും പുനസ്ഥാപിക്കാതിരിക്കുകയും നേതാക്കളെല്ലാം വീട്ടുതടങ്കലില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്രനീക്കത്തിനെതിരെയാണ് ഷെഹ്‌ല റാഷിദ് രംഗത്തെത്തിയത്.

ഇന്ത്യയിലെ നിയമങ്ങള്‍ കശ്മീരിലെത്തുമ്പോള്‍ മാറുകയാണെന്നും അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്നും ഷെഹ്‌ല റാഷിദ് പറഞ്ഞു. കശ്മീരിലെ ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഒരു വിട്ടുവീഴ്ച ആവശ്യമാണെന്ന് വ്യക്തമായിരിക്കുന്നു. ഒരു ആക്ടിവിസ്റ്റ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം തുടരും. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ തുടരാനാവുമെന്ന വിശ്വാസം ഇപ്പോഴില്ല- ഷെഹ്‌ല പറഞ്ഞു.

വലിയ പ്രതിസന്ധികള്‍ക്കിടയിലാണ് ജമ്മു കശ്മീരില്‍ ബി.ഡി.സി തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിരിക്കുന്നത്. അതാണ് ഇത്തരമൊരു പ്രസ്താവന നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്. ഷെഹ്‌ല പറഞ്ഞു.  മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ ആരംഭിച്ച ജമ്മു കശ്മീര്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഷെഹ്‌ല റാഷിദ് ചേര്‍ന്നത്.

Leave A Reply