റഫാലിലെ ആയുധപൂജക്കെതിരെ കോണ്‍ഗ്രസ്; തിരിച്ചടിച്ച് അമിത് ഷാ

ന്യൂഡൽഹി:  കഴിഞ്ഞ ദിവസം ഫ്രാൻസിൽ നിന്ന് വാങ്ങിയ റഫേൽ പോർവിമാനത്തിൽ ശസ്ത്രപൂജ നടത്തിയത് എന്തിനെന്ന ചോദ്യവുമായി കോൺഗ്രസ്. വിജയ ദശമി ആഘോഷങ്ങൾ റഫേലുമായി കൂട്ടിയിണക്കിയത് തെറ്റാണെന്നാണ് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിന്റെ വാദം . മാത്രമല്ല പ്രതിരോധ സേനയ്ക്ക് ലഭിച്ച റഫേലിൽ ഓം വരച്ചത് ആരുടെ അനുവാദത്തോടെയാണെന്നും കോൺഗ്രസ് ചോദിച്ചു .

മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി സ്വന്തം മതമനുസരിച്ച് ബൈബിൾ എടുത്തില്ലല്ലോ പിന്നെന്തിനാണ് രാജ്നാഥ് സിംഗ് ഇത് ചെയ്തതെന്നും ചോദ്യമുയർന്നു . മാത്രമല്ല ആചാരങ്ങളെ താഴ്ത്തിക്കെട്ടും വിധത്തിൽ ‘ ഫ്രാൻസ് നിർമിത റഫേൽ ഇന്ത്യയിലെത്തിയിട്ടില്ലെന്നും രണ്ട് പച്ച നാരങ്ങകൾ പറിച്ചെടുത്ത് ഇന്ത്യ ഇതിനകം തന്നെ ആദ്യത്തെ വലിയ വിജയം നേടിയിട്ടുണ്ടെന്നും രാജ്യത്തെ തിന്മയുടെ കണ്ണിൽ നിന്ന് രക്ഷിച്ചതായും ‘ കോൺഗ്രസ് നേതാവ് അൽകാ ലാംബ ട്വീറ്റ് ചെയ്തു .

എന്നാൽ കോൺഗ്രസിന്റെ ഈ വാദങ്ങളെ തള്ളി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി . ഭാരതീയ ആചാരങ്ങൾ അനുഷ്ഠിക്കാൻ മോദി സർക്കാരിനു ആരുടെയും അനുവാദം ആവശ്യമില്ലെന്ന് അമിത് ഷാ വ്യക്തമാക്കി . കോൺഗ്രസ് ഇന്ത്യൻ പാരമ്പര്യത്തിന് എതിരാണെന്ന് അമിത് ഷാ പറഞ്ഞു. പാരമ്പര്യം അനുസരിച്ചാണ് പ്രതിരോധ മന്ത്രി പൂജ നടത്തിയത്. ഇത് കോൺഗ്രസിന് ഇഷ്ടപ്പെട്ടിട്ടില്ല. വിജയദശമി ദിനത്തിൽ ആയുധപൂജ തെറ്റാണോയെന്നും ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ ചോദിച്ചു. വിമർശിക്കപ്പെടേണ്ട കാര്യങ്ങളെക്കുറിച്ചും അല്ലാത്തതിനെക്കുറിച്ചും അവർ നന്നായി ആലോചിക്കണം.  അമിത് ഷാ പറഞ്ഞു.

Leave A Reply