മകന്റെ വിവാഹത്തിന് എട്ട് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി പോലീസ് സബ് ഇൻസ്പെക്ടർ

മാനന്തവാടി: മകന്റെ വിവാഹത്തോടനുബന്ധിച്ച് നിർധനരായ എട്ട് കുടുംബങ്ങള്‍ക്കായി 75 സെന്റ് ഭൂമി ദാനമായി നല്‍കി മാതൃകയാവുകയാണ് കേരളപോലീസിലെ എസ് ഐ കെ.എം വര്‍ഗ്ഗീസ്.കോഴിക്കോട് ക്രൈംബ്രാഞ്ച് സിറ്റി യൂണിറ്റിലെ എസ്.ഐ.യും മാനന്തവാടി കുറുക്കന്‍മൂല സ്വദേശിയുമായ കടുങ്ങാ മലയില്‍ കെ.എം.വര്‍ഗ്ഗീസാണ് പുതിയ മാതൃക തീര്‍ക്കുന്നത്.വര്‍ഗ്ഗീസിന്റെയും ഭാര്യ കെ ജെ ബീനയുടെയും മൂത്തമകന്‍ ഡോണ്‍ വര്‍ഗ്ഗീസിന്റെ വിവാഹത്തോടനുബന്ധിച്ചാണ് ലക്ഷങ്ങള്‍ വില മതിക്കുന്ന 75 സെന്റ് ഭൂമി ദാനമായി നല്‍കുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം പേരില്‍ വിലക്ക് വാങ്ങിയ ഭൂമിയാണ് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണത്തിനായി നല്‍കുന്നത്. തിങ്കളാഴ്ചയാണ് കല്യാണം.

ഒരു സെന്റ് ഭൂമിയോ, വീടോ ഇല്ലാത്ത വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് എട്ട് സെന്റ് വീതം ഭൂമിയും, റോഡിനായി പതിനൊന്ന് സെന്റ് ഭൂമിയുമാണ് നല്‍കുന്നത്.സിപ്‌ളോ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യുന്ന ഡോണ്‍ വര്‍ഗ്ഗീസിന്റെ വധു മദ്ധ്യപ്രദേശ് ജബല്‍പൂര്‍ നോപ്പിയര്‍ ടൗണ്‍ സ്വദേശി സുധീര്‍ ബഞ്ചമിന്‍, അര്‍ച്ചന ബഞ്ചമിന്‍ എന്നിവരുടെ മകള്‍ അങ്കിത ബഞ്ചമിനാണ്.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാനന്തവാടി ചെറൂര്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് നടത്തപ്പെടുന്ന വിവാഹകര്‍മ്മങ്ങള്‍ക്ക് ശേഷം എട്ട് നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള ഭൂമിയുടെ രേഖകള്‍ കൈമാറും.

Leave A Reply