ജോളിയുടെ ഫോണ്‍ കണ്ടെത്താനാവാതെ അന്വേഷണസംഘം; ഷാജുവിന്റെ വീട്ടില്‍ പരിശോധന നടത്തി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മൊബൈല്‍ ഫോണിനു വേണ്ടി രണ്ടാം ഭർത്താവ് ഷാജുവിന്റെ വീട്ടിൽ നടത്തിയ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജോളിയുടെ മൊബൈല്‍ ഫോണ്‍ ഉൾപ്പെടെയുള്ള രേഖകള്‍ തേടിയാണ് അന്വേഷണസംഘം ഷാജുവിന്റെ  വീട്ടിൽ  പരിശോധന നടത്തിയത്.

ജോളിയുടെ ഫോണ്‍ എവിടെയെന്ന് ക്രൈംബ്രാഞ്ച് സംഘം ഷാജു ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോട് ചോദിക്കുകയും ചെയ്തു. ഫോൺ എവിടെയെന്ന് അറിയില്ലെന്നും പൊന്നാമറ്റം വീട്ടിൽ കാണുമെന്നുമാണ് ഷാജു  പറഞ്ഞത്. ജോളിയുടെ ഫോൺ കണ്ടെത്തിയാൽ കൊലക്കേസ് അന്വേഷണത്തിൽ നിർണായകമാകുമെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. ജോളി ദീര്‍ഘനേരം ഫോണ്‍ സംഭാഷണം നടത്താറുണ്ടായിരുന്നുവെന്ന് ഷാജു വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ്  ജോളിയുടെ ഫോൺ തേടി ക്രൈംബ്രാഞ്ച് എത്തിയത്.

അതേസമയം,  സയനൈഡിന്റെ അംശം കണ്ടെത്താനായി, മരിച്ചവരുടെ ഭൗതികാവശിഷ്‌ടങ്ങൾ അമേരിക്കയിലെ ലാബിൽ അയയ്ക്കാൻ ആലോചിക്കുന്നതായി കോഴിക്കോട് റൂറൽ എസ്.പി സൈമൺ പറഞ്ഞു. ഇന്ത്യയിലെ ലാബുകളിൽ കാലപ്പഴക്കം വന്ന ശരീരാവശിഷ്ടങ്ങളിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്താനാവില്ലെന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടതിനെ തുടർന്നാണിത്. സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെങ്കിൽ പ്രതി ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഇടയാകും. എന്നാൽ അമേരിക്കൻ ലാബുകളുടെ പരിശോധനാഫലം ഇന്ത്യൻ കോടതികൾ തെളിവായി സ്വീകരിക്കില്ലെന്ന് ഒരു പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പറഞ്ഞു.

 

Leave A Reply