1965 ലേയും 71 ലേയും തെറ്റുകള്‍ ആവര്‍ത്തിക്കരുത്; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ബിഹാർ: 1965 ലേയും 1971ലേയും തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.  പാക് അധിനിവേശ കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുകയാണെന്നും ഇത് ഇനിയും തുടർന്നാൽ കൂടുതൽ കഷണങ്ങളായി വിഭജിക്കുന്നതിൽ നിന്ന് പാകിസ്ഥാനെ സംരക്ഷിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും രാജ്‍നാഥ് സിംഗ് മുന്നറിയിപ്പ് നൽകി. പാകിസ്ഥാന് എത്ര ധൈര്യമുണ്ടെന്ന് കാണട്ടെയെന്നും എത്ര ഭീകരവാദികളെ പാകിസ്ഥാൻ സൃഷ്ടിക്കുമെന്നും രാജ്നാഥ് സിംഗ് ചോദിച്ചു.  ബിഹാറിലെ പട്‌നയില്‍ ബി.ജെ.പി സംഘടിപ്പിച്ച ജന്‍ ജാഗരണ്‍ സഭയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബലൂചികള്‍ക്കും പഷ്ടൂണുകള്‍ക്കും നേരെ കടുത്ത ക്രൂരതയാണ് പാകിസ്ഥാനില്‍ നടക്കുന്നത്. കശ്മീരില്‍ ഭീകരവാദം ഉടലെടുക്കാന്‍ കാരണം ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവയായിരുന്നു. ഈ ഭീകരവാദമാണ് കശ്മീരിനെ രക്തക്കളമാക്കിയതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. പാകിസ്ഥാന് ഭയം വന്നു തുടങ്ങി അതുകൊണ്ടാണ് ഇമ്രാന്‍ ഖാന്‍ പാക് അധീന കശ്മീരില്‍ വന്ന് ജനങ്ങള്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് പറഞ്ഞതെന്ന് രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. അത്തരത്തിലുള്ള സമീപനം വിപരീത ഫലം ഉണ്ടാക്കുമെന്ന ബോധ്യം പാകിസ്ഥാന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

1965ലും 1971ലും പാകിസ്ഥാന്‍ ആവര്‍ത്തിച്ച അബദ്ധം വീണ്ടും ഉണ്ടായാല്‍ പാക് അധീന കശ്മീരില്‍ എന്ത് സംഭവിക്കുമെന്ന് പാകിസ്ഥാന്‍ ചിന്തിക്കണമെന്നും രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി.

Leave A Reply