‘ഹെല്‍മെറ്റില്ലേ…എന്നാല്‍ പെട്രോളും വേണ്ട’; കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ഇനി അങ്ങനെയാണ് കാര്യങ്ങള്‍

ബംഗളൂരു: തലയില്‍ ഹെല്‍മറ്റില്ലെങ്കില്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗി നഗരത്തില്‍ ഇനി മുതല്‍ പെട്രോള്‍ ലഭിക്കില്ല. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയതിനു പിന്നാലെയാണ് കര്‍ണാടകയിലെ കല്‍ബുര്‍ഗി നഗരത്തില്‍ പുതിയ തീരുമാനമുണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ പുതിയ നിയമം നിലവില്‍ വരും.

‘നോ ഹെല്‍മറ്റ് നോ പെട്രോള്‍ ‘എന്നതാണ് നിലവില്‍ കല്‍ബുര്‍ഗിയിലെ ട്രാഫിക് മുദ്രാവാക്യം. കലബുര്‍ഗി പൊലീസ് കമ്മീഷണര്‍ എം.എന്‍ നാഗരാജാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

ഇനി ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ ലക്ഷ്യ സ്ഥാനത്തേക്ക് വാഹനം തളളിക്കൊണ്ടു പോകണമെന്ന നിര്‍ദ്ദേശമാണ് കൽബുർഗി പോലീസ് കമ്മീഷണര്‍ എം.എന്‍ നാഗരാജ് മുന്നോട്ടു വെക്കുന്നത്. ആദ്യത്തെ ഒരാഴ്ച ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുമെന്നും പിന്നീട് ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് ശിക്ഷ ബാധകമാക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പോലീസ് കമ്മീഷണര്‍ പമ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുതുക്കിയ വാഹന നിയമത്തില്‍ രാജ്യത്ത് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കല്‍ബുര്‍ഗിയില്‍ പുതിയ മാറ്റം നിലവില്‍ വരുന്നത്.

Leave A Reply