കുമ്മനത്തേയും സുരേന്ദ്രനേയും ഉള്‍പ്പെടുത്തി ബിജെപി സാധ്യതാ പട്ടിക; 2 ദിവസത്തിനകം അന്തിമ തീരുമാനം

കൊച്ചി:  ഉപതിരഞ്ഞെടുപ്പിൽ മല്‍സരിക്കാനില്ലെന്ന നിലപാടു തള്ളി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും ഉള്‍പ്പെടുത്തി ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ഥിപട്ടിക. കുമ്മനം മല്‍സരിക്കണമോയെന്നതില്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിനു വിടാന്‍ ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ഗ്രൂപ്പ് യോഗം തീരുമാനിച്ചു. സ്ഥാനാര്‍ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കും. കോര്‍കമ്മിറ്റി യോഗത്തിന് ശേഷം എം.ടി രമേശാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളിയ കുമ്മനം രാജശേഖരന്‍ തന്റെ ബുദ്ധിമുട്ട് പാര്‍ട്ടിയെ അറിയിച്ചെന്നായിരുന്നു കൊച്ചിയിലെ കോര്‍ ഗ്രൂപ്പ് യോഗത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ വിജയസാധ്യത മുന്നില്‍ കണ്ട് കുമ്മനം തന്നെ മല്‍സരിക്കണമെന്നായിരുന്നു കോര്‍ ഗ്രൂപ്പിന്റെ പൊതുനിലപാട്. ഇതോടെ കുമ്മനത്തിന്റെ പേരു കൂടി ഉള്‍പ്പെടുത്തിയ പട്ടിക എന്‍ഡിഎയ്ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്കും സമര്‍പിക്കാന്‍ തീരുമാനമായി.

കോന്നി മണ്ഡലത്തിലേക്ക് കെ. സുരേന്ദ്രന്റെ പേരും പരിഗണിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയിലേക്ക് പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ചത് കെ. സുരേന്ദ്രനായിരുന്നു.

സ്ഥാനാര്‍ഥികളെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് പാര്‍ട്ടി രീതിയല്ലെന്ന് എം.ടി രമേശ് പറഞ്ഞു. എന്നാല്‍ സംസ്ഥാന നേതാക്കള്‍ മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാശിയേറിയ മത്സരം അഞ്ചിടങ്ങളിലും കാഴ്ചവെക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് എം.ടി രമേശ് വ്യക്തമാക്കി. മഞ്ചേശ്വരത്തും കോന്നിയിലും കെ.സുരേന്ദ്രന്റെ പേരാണ് മുന്‍ഗണനയിലുള്ളത്. മഞ്ചേശ്വരത്ത് പി.കെ.കൃഷ്ണദാസ്, കോന്നിയിൽ മുൻ ഡിജിപി ടി.പി.സെൻകുമാർ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. എറണാകുളത്ത് സി.ജി.രാജഗോപാലിന്റെയും ബി.ഗോപാലകൃഷ്ണന്റെയും േപരുകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്.

Leave A Reply