പാലാ നാളെ വിധിയെഴുതും: വോട്ടുറപ്പിക്കാൻ അവസാന ഓട്ടത്തിൽ സ്ഥാനാർത്ഥികൾ

പാലാ: ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്തി സ്ഥാനാർഥികൾ. പരമാവധി വോട്ടർമാരെ നേരിൽ കാണാൻ അണികളും സർവ സന്നാഹങ്ങളോടെ രംഗത്തുണ്ട്. മൂന്ന് സ്ഥാനാർഥികളും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. അനൗൺസ്മെന്റും സമ്മേളനങ്ങളും ഇല്ലാത്തതിന്റെ കുറവ് അറിയിക്കാതെ സ്ഥാനാർഥികൾ പാലായോടൊപ്പം തന്നെ സജീവമായുണ്ടായിരുന്നു.

പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെല്ലാം പൂർണം. 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. ത്രികോണ മത്സരം നടക്കുന്ന പാലായിൽ മൊത്തം 13 സ്ഥാനാർത്ഥികളാണുള്ളത്.

എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് മെഷിന്‍ ഉണ്ടെന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. കാഴ്ച ശക്തി കുറഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള സഹായം, വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ഒരു ബൂത്ത്, 5 മാതൃകാ പോളിംഗ് ബുത്തുകള്‍ എന്നിവയും മണ്ഡലത്തില്‍ ഒരുക്കിയിട്ടുണ്ട്. വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ബൂത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വനിതകള്‍ ആയിരിക്കും. ഈ ബൂത്തുകളില്‍ പോളിംഗ് ഏജന്റായി വനിതകളെ നിയമിക്കുവാന്‍ സ്ഥാനാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങളോടൊപ്പം വനിതാ കാത്തിരിപ്പ് കേന്ദ്രം, ഫീഡിംഗ് റൂം, കുട്ടികള്‍ക്കുള്ള ക്രഷ് തുടങ്ങിയ സൌകര്യങ്ങള്‍ എന്നിവ മാതൃകാ പോളിംഗ് സ്റ്റേഷനുകളില്‍ ക്രമീകരിച്ചിട്ടുണ്ട്.

Leave A Reply