പാകിസ്താൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനിമുതൽ ഭക്ഷണ നിയന്ത്രണം

പാകിസ്താൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനിമുതൽ ഭക്ഷണ നിയന്ത്രണം. പുതിയ പരിശീലകനും ചീഫ് സെലക്ടറുമായ മിസ്ബാ ഉള്‍ ഹഖിന്റേതാണ് പുതിയ ഭക്ഷണപരിഷ്‌കാരങ്ങള്‍. ബിരിയാണി ഉപേക്ഷിക്കണമെന്നാതാണ് പ്രധാന നിര്‍ദ്ദേശം. മധുരമുള്ള വിഭങ്ങള്‍ക്കെല്ലാം വിലക്കുണ്ട്.

പഴവര്‍ഗ്ഗങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ബാർബിക്യൂ, പാസ്ത എന്നിവകളും ഭക്ഷണക്രമത്തിലുണ്ട്. എണ്ണയില്‍ വറുത്ത മാംസവിഭവങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ദേശീയ ക്യാംപിലുള്ളവര്‍ക്കു പുറമേ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നവര്‍ക്കും നിര്‍ദ്ദേശം ബാധകമാണ്.

താരങ്ങളുടെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാനാണ് ഭക്ഷണ കാര്യത്തിലെ പുതിയ പരിഷ്‌കാരങ്ങളെന്നാണ് മിസ്ബാ ഉള്‍ ഹഖിന്റെ വിശദീകരണം. എന്നാല്‍ താരങ്ങളുടെ ഭാഗത്തു നിന്നും ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

പാക് താരങ്ങൾ ശാരീരികക്ഷമതയിൽ ശ്രദ്ധിക്കുന്നില്ലെന്ന ആരോപണങ്ങൾ ലോകകപ്പിനിടെയാണ് ഉയർന്നത്. കളിക്കാർ ജങ്ക് ഫുഡ് കഴിച്ച് കറങ്ങി നടക്കുകയാണെന്ന് ആരാധകർ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പുതിയ നീക്കം.

Leave A Reply