സത്താറിന്റെ വിയോഗം സിനിമ ലോകത്തിന് തീരാനഷ്ടമാണ്;വി.കെ പ്രകാശ്

തന്നെ അത്ഭുതപ്പെടുത്തിയ സിനിമക്കാരനാണ് സത്താറെന്ന് സംവിധായകന്‍ വി.കെ പ്രകാശ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് തോന്നിയ ആരാധന എന്നും നിലനിര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ഏറെ സങ്കടപ്പെടുത്തുവെന്നും വി.കെ പ്രകാശ് പറഞ്ഞു. തന്റെ സിനിമയില്‍ അഭിനയിക്കാന്‍ സത്താര്‍ എത്തിയപ്പോഴുണ്ടായ അനുഭവവും വി.കെ പ്രകാശ് പങ്ക് വെക്കുന്നു.

‘വിന്‍സന്റ് സംവിധാനം ചെയ്ത അനാവരണം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തെ ആദ്യമായി ശ്രദ്ധിക്കുന്നത്. മലയാള സിനിമയിലേക്ക് ഉജ്വലനായ പുതിയൊരു നായകന്‍ കടന്നുവന്നിരിക്കുന്നു എന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്. പിന്നീട് ശരപഞ്ചരം, നീലത്താമര തുടങ്ങി നിരവധി ഹിറ്റുകളിലൂടെ അദ്ദേഹം നമ്മളെ അത്ഭുതപ്പെടുത്തി. ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിപ്പിക്കണമെന്നത് എന്റെ വലിയ മോഹങ്ങളിലൊന്നായിരുന്നു.

നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിലൂടെ അത് സാധിച്ചു. ക്യാപ്റ്റന്‍ ഗീതാകൃഷ്ണന്‍ എന്ന കോമഡി ടച്ചുള്ള കഥാപാത്രത്തെ അദ്ദേഹം ഗംഭീരമാക്കി. സിനിമയുടെ ആദ്യ ചര്‍ച്ചയില്‍ തന്നെ അത്തരമൊരു കഥാപാത്രം രൂപപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ സീരിയസ് മുഖമുള്ള ഒരാള്‍ തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ മാത്രമേ ആ കഥാപാത്രം വിജയിക്കൂ. അദ്ദേഹത്തെ വിളിച്ച് പറഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടെ അദ്ദേഹം വന്നു. ഞങ്ങള്‍ വിചാരിച്ചതിനേക്കാള്‍ ഭംഗിയായി ആ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. ഷൂട്ടിങ് വേളയില്‍ ഏറെ സമയം നമ്മള്‍ പരസ്പരം സംസാരിക്കുകമായിരുന്നു. പഴയകാര്യങ്ങളെ കുറിച്ചും സിനിമയുടെ മാറ്റത്തെ കുറിച്ചുമെല്ലാം അദ്ദേഹം ഏറെ സംസാരിച്ചു.

അദ്ദേഹത്തിന്റെ സിനിമയെ കുറിച്ചുള്ള സങ്കല്പം എന്നെ അത്ഭുതപ്പെടുത്തി. പിന്നീടും ഒന്ന് രണ്ട് വട്ടം നേരില്‍ കണ്ടു. ഫോണിലൂടെ ഇടയ്ക്ക് ബന്ധപ്പെടുമായിരുന്നു. നല്ല കലാകാരന്‍ എപ്പോഴും നല്ലൊരു മനുഷ്യന്‍ കൂടിയായിരിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് സത്താര്‍. കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയുന്നത്. സത്താറിന്റെ വിയോഗം സിനിമ ലോകത്തിന് തീരാനഷ്ടമാണ് ‘- വി.കെ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Leave A Reply