സത്താറിന് ആദരാഞ്ജലി അർപ്പിച്ച് സുഹൃത്തുക്കൾ

മലയാള സിനിമയില്‍ നായകനായി വന്ന് പിന്നീട് വില്ലനായി അഭിനയരംഗത്ത് തിളങ്ങിയതാരമാണ് സത്താര്‍. മലയാള സിനിമയിലെ തന്നെ ആരാധകരുടെ ഒരു കുറ്റം തന്നെയുള്ള മിന്നുംനായിക ജയഭാരതിയെയാണ് സത്താര്‍ വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വിവാഹമോചിതരാകുകയും ചെയ്‍തു. എങ്കിലും ജയഭാരതിയുടെ ഭര്‍ത്താവ് എന്ന നിലയില്‍ സത്താറിനെ ഓര്‍ക്കുന്നവരുമുണ്ട്. സത്താറിനെ പരിചയപ്പെട്ട ഒരു സംഭവമാണ് ചലച്ചിത്ര നിരൂപകനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമായ കെ ജെ സിജു സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നത്. വിവാഹമോചനത്തിനു ശേഷവും ജയഭാരതിയെക്കുറിച്ച് അഭിമുഖങ്ങളിലൊക്കെ ബഹുമാനത്തോടെയായിരുന്നു സത്താര്‍ സംസാരിച്ചിരുന്നതും.

കെ ജെ സിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

‘95-98 കാലത്താണ്. ഞാൻ എറണാകുളത്ത് പേജിങ് സർവീസിൽ ജോലി ചെയ്യുന്നു. ഒരു ദിവസം എനിക്കൊരു കോൾ വരുന്നു. ;ഞാൻ സത്താറാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന.. ; ഔദ്യോഗികമായ എന്തോ ആവശ്യവുമായാണ് വിളി.

ജയഭാരതി സത്താറിലെ സത്താറാണോന്ന് പെട്ടെന്ന് ഞാൻ. ആളറിയാനാണ്. ഫോണിന്റെ മറുവശത്ത് ഉച്ചത്തിൽ ഒരു പൊട്ടിച്ചിരി. ഇപ്പോഴും അങ്ങനെയാണോ അറിയപ്പെടുന്നതെന്ന് സത്താർ എന്നോട്. ഞാനും ചിരിച്ചു. ആളെ മനസിലാക്കാൻ പെട്ടെന്ന് ഓർമ വന്നത് അതാണെന്ന് ഞാൻ. പിന്നീട് ഇടക്കൊക്കെ സത്താർ വിളിക്കുമായിരുന്നു. ജോലി വിട്ട ശേഷം ആ ബന്ധം മുറിഞ്ഞു. ഇപ്പൊ ഇതാ ഏറെ വർഷങ്ങൾക്കിപ്പുറം സത്താറിന്റെ മരണവാർത്തക്കു മുന്നിലിരിക്കുമ്പൊഴും അന്നത്തെ ആ പൊട്ടിച്ചിരി കാതിൽ മുഴങ്ങുന്നു.

സത്താറിന് ആദരാഞ്ജലി.

Leave A Reply