പിതാവിന്റെ ഓർമകളിൽ വിതുമ്പി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലണ്ടൻ ∙ ലോകത്തിലെ ഏറ്റവും കരുത്തനായ ഫുട്ബോൾ താരം സ്വന്തം പിതാവിനെക്കുറിച്ചുള്ള ഓർമകളിൽ വിതുമ്പുന്നു. ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് യുവെന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് കണ്ണീരണിഞ്ഞത്.

റൊണാൾഡോയ്ക്ക് 20 വയസ്സുള്ളപ്പോൾ, 14 വർഷം മുൻപായിരുന്നു പിതാവ് ജോസ് ഡിനിസ് അവെയ്റോയുടെ മരണം. അമിത മദ്യപാനത്തെത്തുടർന്ന് കരൾ രോഗം ബാധിച്ചായിരുന്നു അന്ത്യം.പിതാവിനെക്കുറിച്ച് അധികം ഓർമകളൊന്നും പങ്കുവച്ചിട്ടുമില്ല ക്രിസ്റ്റ്യാനോ. എന്നാൽ, പിയേഴ്സ് മോർഗനുമായുള്ള സംഭാഷണത്തിനിടെ, സ്ക്രീനിൽ ക്രിസ്റ്റ്യാനോയുടെ പിതാവ് മകനെക്കുറിച്ച് സംസാരിക്കുന്ന പഴയ വിഡിയോ തെളിഞ്ഞു. തന്നെക്കുറിച്ച് അഭിമാനപൂർവം സംസാരിക്കുന്ന പിതാവിന്റെ വിഡിയോ കണ്ടതോടെ ക്രിസ്റ്റ്യാനോ വിങ്ങിപ്പൊട്ടി.

‘ഞാൻ ഈ വിഡിയോ ആദ്യമായാണ് കാണുന്നത്. എന്റെ കുടുംബാംഗങ്ങൾ ആരും ഇതു കണ്ടിട്ടുണ്ടെന്നു തോന്നുന്നില്ല. മിക്ക സമയത്തും മദ്യലഹരിയിലായിരുന്നു അദ്ദേഹം.

അതുകൊണ്ടു തന്നെ അദ്ദേഹത്തോടു സാധാരണ രീതിയിൽ സംസാരിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. ലോകഫുട്ബോളിൽ എന്റെ നേട്ടങ്ങൾ നേരിൽ കാണാൻ അമ്മയ്ക്കും സഹോദരങ്ങൾക്കും മറ്റു കുടുംബാംഗങ്ങൾക്കും എന്റെ മൂത്തപുത്രനും വരെ സാധിച്ചു. പക്ഷേ, ഞങ്ങളെ നേരത്തെ വിട്ടുപിരിഞ്ഞ അദ്ദേഹത്തിനായില്ല’’– ക്രിസ്റ്റ്യാനോ പറഞ്ഞു.

ക്രിസ്റ്റ്യാനോ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന കാലത്തായിരുന്നു പിതാവിന്റെ വിയോഗം. പിന്നീട് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്കും അവിടെനിന്ന് ഇറ്റലിയിലെ യുവെന്റസിലേക്കും താരമെത്തി. ഇതിനിടെ 5 ചാംപ്യൻസ് ലീഗ് കിരീടങ്ങളും അത്രയും തന്നെ ബലോൻ ദ് ഓർ പുരസ്കാരങ്ങളും നേടി. 2016 യൂറോകപ്പിലും യുവേഫ നേഷൻസ് ലീഗിലും പോർച്ചുഗലിനെ കിരീടജേതാക്കളാക്കി. ഇതൊന്നും കാണാൻ പിതാവ് കൂടെയില്ലാതെ പോയത് ഓർത്തായിരുന്നു ക്രിസ്റ്റ്യാനോ വികാരാധീനനായത്.

Leave A Reply