വയോജനങ്ങൾക്കായി ജില്ലാ പഞ്ചായത്തിന്റെ സായംപ്രഭ ഹോം

കോഴിക്കോട് : വയോജനങ്ങൾക്ക് വിനോദത്തിനും വിശ്രമത്തിനുമായി ഒരിടം അതാണ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സായംപ്രഭ ഹോം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കച്ചേരിപാറയിലാണ് വയോജനകേന്ദ്രം ആരംഭിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രം വീടുകളിൽ ഒറ്റപ്പെടുന്നവർക്ക് ആശ്വാസവും വയോജനങ്ങൾക്ക് വിശ്രമകേന്ദ്രവുമാണ്. 40 പേർക്കുള്ള താമസസൗകര്യവും, നാല് സ്ഥിരം ജീവനക്കാരും ഇവിടെയുണ്ട്. ഈ വർഷം ജനുവരിയിൽ മന്ത്രി ടി പി രാമകൃഷ്ണനാണ് ഹോം ഉദ്ഘാടനം ചെയ്തത്.

വയോജനങ്ങൾ നേരിടുന്ന ഒറ്റപ്പെടൽ, വിരസത, സുരക്ഷയില്ലായ്മ എന്നിവ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ മുന്നിൽക്കണ്ട് അവർക്ക് പകൽസമയം സംരക്ഷണവും പ്രത്യേക പരിരക്ഷയും സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് സായംപ്രഭാ ഹോം സ്ഥാപിച്ചത്. വയോജനങ്ങളെ വീട്ടിൽനിന്ന്‌ ഹോമിലേക്കും തിരിച്ചും എത്തിക്കാൻ വാഹനസൗകര്യവും ഇവിടെ ഏർപെടുത്തിയിട്ടുണ്ട്.

സ്വയംതൊഴിൽ പരിശീലനം, വൈദ്യപരിശോധന, വിനോധോപാദികൾ, വയോസംഗമങ്ങൾ, മരുന്നുവിതരണം എന്നിവയുമുണ്ട്. മെഡിക്കൽ ഓഫീസറുടെ സേവനം, ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം, മെഡിക്കൽ, ഫിസിയോ തെറാപ്പി ഉപകരണങ്ങൾ, വ്യായാമ ഉപകരണങ്ങൾ എന്നിവയും വയോജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് പ്രവർത്തന സമയം.ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പണി പൂർത്തീകരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയ്ക്കായിരുന്നു നിർമ്മാണ ചുമതല.

Leave A Reply