മോദിയുടെ സമ്മാനങ്ങൾക്ക് മോഹവില; ഒരു കോടി കടന്നവയുടെ ലേലം ഉറപ്പിച്ചു

ന്യൂഡൽഹി: ചെറുനാളികേരത്തിനുള്ളിൽ വെള്ളികലശം നിറച്ച പെട്ടിക്ക് കഴിഞ്ഞ ദിവസം വരെ 18,000 രൂപയേ വിലയുണ്ടായിരുന്നുള്ളൂ. ഇന്ന് ഈ സമ്മാനത്തിനു വില ഒരു കോടി കവിഞ്ഞു. ഈ മോഹവിലയ്ക്ക് കരണമെന്തെന്നോ? ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച സമ്മാനമാണ്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇത് മോദിക്ക് സമ്മാനിച്ചത്.

മാത്രമല്ല, 500 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ച ഫോട്ടോ സ്റ്റാൻഡിനും വില ഒരു കോടി കടന്നിട്ടുണ്ട്. ഇതോടെ ഡൽഹി നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, രണ്ടിന്റെയും ലേലമുറപ്പിച്ചു. ഗംഗാ ശുചീകരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ നമാമി ഗംഗ പദ്ധതിക്കു പണം സമാഹരിച്ചു നൽകാൻ മോദി തനിക്കു ലഭിച്ച സമ്മാനങ്ങൾ ലേലത്തിനു വച്ചപ്പോഴാണു വൻ‌വില കൊടുത്തു വാങ്ങാൻ ആരാധകരെത്തിയത്. ലേലം ഒക്ടോബർ മൂന്നു വരെ തുടരും.

കേരളത്തിൽ നിന്നു മോദിക്കു ലഭിച്ച സമ്മാനങ്ങളും പ്രദർശനത്തിലുണ്ട്. ശീമാട്ടി സിൽക്സിന്റെ ബീന കണ്ണൻ നൽകിയ പട്ടിൽ തീർത്ത മോദി ചിത്രത്തിനു പ്രദർശനം തുടങ്ങുമ്പോൾ 2.5 ലക്ഷമായിരുന്നു അടിസ്ഥാന വില. ഇന്നലെയത് 3.5 ലക്ഷം വരെയായി.

മുഖ്യമന്ത്രി പിണറായി വിജയൻ മോദിക്കു സമ്മാനിച്ച നെറ്റിപ്പട്ടം കെട്ടിയ ആന പ്രതിമയ്ക്കും കിട്ടി നല്ല വില. 2500 രൂപ അടിസ്ഥാന വിലയിൽ തുടങ്ങിയ പ്രതിമയ്ക്ക് ഇന്നലെ വൈകിട്ടു വരെ ലേലം വിളിച്ച ഉയർന്ന വില 50,100 രൂപയാണ്.

4000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ആറന്മുള കണ്ണാടിക്ക് 14,200 രൂപയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നു മോദിക്കു നൽകിയ ഓണ വില്ലിന് 3500 രൂപയുമാണ് ഇതുവരെ ക്വോട്ട് ചെയ്യപ്പെട്ട ഉയർന്ന തുക.

മോദിയെ അമ്മ അനുഗ്രഹിക്കുന്ന ചിത്രം 1000 രൂപ അടിസ്ഥാന വിലയിട്ടു വച്ചതാണ്, ഇപ്പോൾ വില 10 ലക്ഷം കടന്നു.

Leave A Reply