കർണാടകക്ക് മുഖ്യം കന്നഡ; അമിത് ഷായുടെ ‘ഹിന്ദി’ നീക്കത്തെ തള്ളി യെഡിയൂരപ്പ

ബംഗളൂരു: ഹിന്ദി മുഖ്യഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദ്ദേശത്തിനെതിരെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും രംഗത്ത്. രാജ്യത്തെ എല്ലാ ഭാഷകളും തുല്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. കർണാടകയെ സംബന്ധിച്ച് കന്നഡയാണ് മുഖ്യം. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറ്റ രാജ്യം, ഒറ്റ ഭാഷ എന്ന മുദ്രാവാക്യമുയർത്തിയാണ് മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണമെന്ന് ഹിന്ദി ദിവസിനോടനുബന്ധിച്ച് അമിത് ഷാ ട്വീ​റ്റ് ചെയ്തത്. ഇതിനെതിരെ രാജ്യ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കർണാടകത്തിൽ വിവിധ സംഘടനകൾ വിമർശനവുമായി തെരുവിൽ ഇറങ്ങിയതിനു പിന്നാലെയാണ് ബിജെപിയുടെ മുതിർന്ന നേതാവു കൂടിയായ മുഖ്യമന്ത്രി തന്നെ അമിത് ഷായെ തള്ളി രംഗത്തുവന്നത്.

രോഷമുയർന്നിട്ടും ‘ഹിന്ദി അജൻണ്ട’യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തതു ഭാഷയുടെ പേരിൽ സംഘപരിവാർ പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

Leave A Reply