മധ്യപ്രദേശ് കോൺഗ്രസിൽ അധികാരത്തർക്കം ; പരാതികൾ അച്ചടക്ക സമിതിക്ക്

ന്യൂഡൽഹി ∙ മധ്യപ്രദേശ് കോൺഗ്രസിൽ അടുത്ത കാലത്തായി ഉയർന്നുവന്ന അച്ചടക്കലംഘനം സംബന്ധിച്ച എല്ലാ പരാതികളും എഐസിസിയുടെ അച്ചടക്കസമിതിക്കു വിട്ടു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി ചെയർമാനായ സമിതിയിൽ 5 അംഗങ്ങളാണുള്ളത്– മോത്തിലാൽ വോറ, ഗുലാം നബി ആസാദ്, സുശീൽ കുമാർ ഷിൻഡെ, മുൻ അരുണാചൽ മുഖ്യമന്ത്രി മുകുൾ മുക്തി എന്നിവർ.

മധ്യപ്രദേശിൽ പല നേതാക്കളും അച്ചടക്കം ലംഘിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി കമൽനാഥിനെതിരെ ജ്യോതിരാദിത്യ സിന്ധ്യയുടെ പരാതിയുണ്ട്. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ സംസ്ഥാന വനം മന്ത്രി ഉമങ് സിംഘർ പരാതി നൽകിയിട്ടുണ്ട്. ദിഗ്‌വിജയ് സിങ് ‘സൂപ്പർ മുഖ്യമന്ത്രി’ ചമയുന്നു എന്നാണു പരാതി. ഉമങ്ങിനെതിരെ ദിഗ്‌വിജയും പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി കമൽനാഥ് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെയും അച്ചടക്കസമിതി ചെയർമാൻ എ.കെ. ആന്റണിയെയും കണ്ടു പരാതി നൽകിയിരുന്നു.

Leave A Reply