യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ പുറത്താക്കി ട്രംപ്

വാഷിംഗ്‍ടൺ: അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണെ പുറത്താക്കിയതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബോൾട്ടന്‍റെ ”പല നിർദേശങ്ങളോടും ശക്തമായി വിയോജിക്കുന്നതിനാലാണ്” പുറത്താക്കിയതെന്ന് ട്രംപ് ട്വിറ്ററിൽ വെളിപ്പെടുത്തി.

”കഴിഞ്ഞ ദിവസം രാത്രി ജോൺ ബോൾട്ടനോട് അദ്ദേഹത്തിന്‍റെ സേവനം വൈറ്റ് ഹൗസിൽ ഇനി ആവശ്യമില്ലെന്ന് വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ പല നിർദേശങ്ങളോടും ഞാൻ ശക്തമായി വിയോജിച്ചിരുന്നു. ഭരണതലത്തിലുള്ള മറ്റ് പലർക്കും സമാന അഭിപ്രായമായിരുന്നു. അതിനാൽ ജോണിനോട് രാജി നൽകാൻ ഞാൻ ആവശ്യപ്പെടുകയായിരുന്നു”എന്ന് ട്രംപിന്‍റെ ട്വീറ്റ്.

”ജോണിന്‍റെ ഇതുവരെയുള്ള സേവനങ്ങൾക്ക് നന്ദി. അടുത്തയാഴ്ച പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കും” എന്നും ട്രംപ് വ്യക്തമാക്കി.

അതുവരെ ഭരണകാര്യങ്ങളും നയപരമായ തീരുമാനങ്ങളുമടക്കം ട്വീറ്റ് ചെയ്തിരുന്നു ജോൺ ബോൾട്ടൺ. ബോൾട്ടനെ അപ്രതീക്ഷിതമായി പുറത്താക്കിയ ട്രംപിന്‍റെ നടപടി വൈറ്റ് ഹൗസിനെത്തന്നെ ഞെട്ടിച്ചു.

ഇറാനടക്കമുള്ള രാജ്യങ്ങളുടെ കടുത്ത വിമർശകനായിരുന്നു ജോൺ ബോൾട്ടൺ. കഴിഞ്ഞ മാർച്ചിൽ ഇറാനെതിരെ അമേരിക്ക കടുത്ത ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ അവിടേയ്ക്ക് സൈനിക നടപടി തുടങ്ങണമെന്ന് അഭിപ്രായപ്പെട്ടവരിൽ ഒരാളാണ് ബോൾട്ടൺ.

താലിബാനെ ചർച്ചയ്ക്ക് ക്ഷണിച്ചതുൾപ്പടെയുള്ള പല കാര്യങ്ങളിലും ജോൺ ബോൾട്ടണ് ട്രംപുമായി കടുത്ത അഭിപ്രായഭിന്നതയുണ്ടായിരുന്നുവെന്നാണ് സൂചന. ഇറാനോടുള്ള വിദേശനയമുൾപ്പടെ പല കാര്യങ്ങളിലും ആ ഭിന്നത മറനീക്കി പുറത്തുവരികയും ചെയ്തിരുന്നു.

ഭരണതലത്തിൽ വലിയ കലാപങ്ങളാണ് നടക്കുന്നതെന്ന വാർത്തകളോട് ബോൾട്ടണെ പുറത്താക്കുന്നതിന് തലേന്ന് ട്രംപ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ചർച്ചകളോട് എന്നും ഞാൻ അനുകൂല നിലപാടാണ് എടുത്തിരുന്നതെന്നും മാധ്യമങ്ങൾ വ്യാജവാർത്ത പരത്തുകയാണെന്നും ട്രംപ്.

ബോൾട്ടണെ പുറത്താക്കിയ നടപടിയ്ക്ക് പിന്നാലെ ട്രംപിന് പിന്തുണയുമായി സെനറ്റർമാരെത്തി. യുദ്ധങ്ങൾ അവസാനിക്കണമെന്ന നിലപാടുള്ളവർ വൈറ്റ് ഹൗസിൽ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാക്കളാകണമെന്ന് സെനറ്റർ റാന്‍റ് പോൾ ട്വീറ്റ് ചെയ്തു.

Leave A Reply