‘തമിഴൻ എന്ന നിലയിൽ എന്തുതോന്നുന്നു’; ചോദ്യത്തിന് മാസ് മറുപടി നൽകി കെ.ശിവൻ

ന്യൂഡൽഹി: ചന്ദ്രയാൻ 2 പൂർണവിജയത്തിൽ എത്തിയില്ലെങ്കിലും രാജ്യം മുഴുവൻ ഐ.എസ്.ആർ.ഒയേയും മേധാവി കെ. ശിവന്റെയും പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു വീഡിയോ ആണ് മാദ്ധ്യമങ്ങളിൽ നിറയുന്നത്. ഒരു തമിഴ് ചാനലിന് ഇദ്ദേഹം നൽകിയ ഒരു മറുപടിയാണ് ഇപ്പോൾ ദേശീയ മാദ്ധ്യമങ്ങളിലടക്കം വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.

ഒരു തമിഴൻ എന്ന നിലയിൽ ഇൗ നേട്ടങ്ങളുടെ തലപ്പത്ത് നിൽക്കുമ്പോൾ എന്താണ് തോന്നുന്നത്. തമിഴ് ജനതയോട് താങ്കൾക്ക് എന്താണ് പറയാനുള്ളത്?’ ഐഎസ്ആർഒ ചെയർമാൻ കെ. ശിവനോട് അഭിമുഖത്തിൽ തമിഴ് മാധ്യമപ്രവർത്തകൻ ചോദിച്ചതിങ്ങനെയാണ്. ഇതിന് അദ്ദേഹം കൊടുത്ത മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നത്.

‘താൻ ആദ്യം ഒരു ഇന്ത്യക്കാരനാണെന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ മറുപടി നൽകിയത്. ഇന്ത്യൻ എന്ന നിലയിലാണ് താൻ ഐ.എസ്.ആർ.ഒയിൽ ചേർന്നത്. എല്ലാ മേഖലകളിൽ നിന്നുള്ളവരും എല്ലാ ഭാഷക്കാരും ജോലി ചെയ്യുന്ന സ്ഥാപനമാണ് ഐ.എസ്.ആർ.ഒ.- അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. ശിവന്റെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തമിഴൻ എന്ന പ്രദേശിക വാദത്തിനപ്പുറം ഇന്ത്യക്കാരൻ എന്ന വികാരം കൊണ്ടു നടക്കുന്ന ശിവനെ നിരവധി പേർ അഭിനന്ദിച്ചു.

അതേസമയം ഒരു വ്യക്തിയുടെ നേട്ടത്തിൽ ആ വ്യക്തിയുടെ സംസ്ഥാന ഐഡന്റിറ്റി ചൂണ്ടിക്കാട്ടുന്നതിൽ പ്രശ്നമില്ലെന്നും ഒരാൾ ജനിച്ച് വളർന്നു വരുന്നത് ആ പ്രദേശത്ത് നിന്നാണെന്നും ചിലർ പറയുന്നു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കാർഷിക കുടുംബത്തിൽ നിന്നും ജനിച്ച് കഷ്ടപ്പാടിലൂടെ ഉയർന്നുവന്ന ശാസ്ത്രജ്ഞനാണ് കെ. ശിവൻ. കന്യാകുമാരി ജില്ലയിലെ തരക്കന്‍വിളയില്‍ കെ.ശിവൻ ജനിച്ചത്. തമിഴ് മീഡിയം സ്കൂളില്‍ പഠനം. നാഗര്‍കോവില്‍ എസ്.ടി ഹിന്ദു കോളേജിലും മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലും െഎ.െഎ.എസ്.സിയിലും ഉപരിപഠനം. ബോംബെ െഎ.െഎ.ടിയില്‍ നിന്ന് എയ്റോസ്പേയ്സ് എഞ്ചിനിയറിങ്ങില്‍ പിഎച്ച്ഡി.

Leave A Reply