കൊല്ലത്തെ പിഎസ്സി പരീക്ഷാ തട്ടിപ്പ്: വിചാരണ ഒക്ടോബറില്‍ ആരംഭിക്കും
കൊല്ലം: കൊല്ലത്തെ പിഎസ്സി പരീക്ഷാ തട്ടിപ്പു കേസുകളുടെ വിചാരണ ഒക്ടോബറില്‍ ആരംഭിക്കും. കേസിന്റെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ പുതിയ അഭിഭാഷകനെ നിയമിച്ചു. ഒന്‍പതു വര്‍ഷം മുന്‍പ് നടന്ന തട്ടിപ്പിന്റെ വിചാരണ ഇതുവരെ ആരംഭിക്കാഞ്ഞത് പുതിയ പിഎസ്സി പരീക്ഷാ തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ വിവാദമായിരുന്നു.
2010 ഓഗസ്റ്റില്‍ നടന്ന ക്ലാസ് ഫോര്‍ പരീക്ഷാ, പൊലീസ് എസ്.ഐ, കോണ്‍സ്റ്റബില്‍ തുടങ്ങി പത്തിനടുത്ത് പിഎസ്സി പരീക്ഷകളിലാണ് തട്ടിപ്പ് നടന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വഴിയാണ് ഉത്തരം നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പതിനാലു കേസുകളിലായി നൂറ്റിയമ്പതിലധികം പ്രതികളാണുള്ളത്. പത്തു കേസുകളുടെ കുറ്റപത്രം സമര്‍പ്പിച്ചു.
എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകനെ നിയോഗിക്കാത്തതിനാല്‍ വിചാരണ ആരംഭിച്ചിരുന്നില്ല. തുടര്‍ന്ന് കേസിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ അഭിഭാഷകനെ നിയോഗിച്ചു. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമായി കേസിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കുന്നത്. തട്ടിപ്പിലെ മുഖ്യ പ്രതിയായ മയ്യനാട് സ്വദേശി രണ്ടു വര്‍ഷം മുന്‍പ് ട്രെയിന്‍ തട്ടി മരിച്ചിരുന്നു.