ഇന്ത്യന്‍ സേനയെ നവീകരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍; 13,000 കോടി രൂപ ചിലവഴിക്കും

ന്യൂഡൽഹി:  കര, നാവിക, വ്യോമസേനയുടെ ആധുനികീകരണത്തിന് 13,000 കോടി രൂപയുടെ പദ്ധതി. അടുത്ത 5–7 വർഷ കാലയളവിലാണ് ഇതു നടപ്പാക്കുക. സേനയുടെ ആധുനികീകരണത്തിനു കഴിഞ്ഞ പല വർഷങ്ങളായി സേനാമേധാവികളും പ്രതിരോധ വിദഗ്ധരും ആവശ്യപ്പെട്ടു വരികയായിരുന്നു. വ്യോമസേനയ്ക്ക് 110 യുദ്ധവിമാനങ്ങൾ, കരസേനയ്ക്ക് 1700 ആധുനിക യുദ്ധവാഹനങ്ങൾ, 2600 ഇൻഫന്ററി കോംബാറ്റ് വാഹനങ്ങൾ എന്നിവ വാങ്ങും.

നാവികസേനയ്ക്ക് 200 പുതിയ കപ്പലുകളും 500 വിമാനങ്ങളും 24 യുദ്ധ, മുങ്ങിക്കപ്പലുകളും വാങ്ങും. നിലവിൽ നാവിക സേനയ്ക്ക് 132 കപ്പലുകളും 220 വിമാനങ്ങളും 15 മുങ്ങിക്കപ്പലുകളുമാണുള്ളത്. ഡൽഹിയും മുംബൈയുമടക്കം പ്രധാനപ്പെട്ട നഗരങ്ങളിലെ വ്യോമമേഖല സുരക്ഷിതമാക്കാനും നടപടിയെടുക്കും.

ആഭ്യന്തരമായി ഉൽപാദിപ്പിച്ച അഗ്നി 5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സംവിധാനം ഇതിന്റെ ഭാഗമാണ്. 5000 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ളവയാണ് ഈ മിസൈലുകൾ. 15 വർഷമായി ഇന്ത്യ പ്രതിരോധത്തിനുള്ള വിഹിതം കാര്യമായി വർധിപ്പിച്ചിട്ടില്ല. എന്നാൽ ചൈന അവരുടെ പ്രതിരോധ ബജറ്റിൽ വൻ വർധന വരുത്തി.

പ്രതിരോധ മേഖലയുടെ വികസനത്തിനായി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ പോളിസികള്‍ രൂപീകരിച്ചേക്കും എന്നാണ് സൂചന. വടക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ നിന്നുള്ള യുദ്ധ സാധ്യതകള്‍ മുന്നില്‍ക്കണ്ട് സേനയെ പ്രവര്‍ത്തന സജ്ജമാക്കുക കൂടെയാണ് ലക്ഷ്യം. ചൈന കര, നാവിക സേനയെ ശക്തിപ്പെടുത്തുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൂടെയാണ് സേനയുടെ നവീകരണം എന്നതും ശ്രദ്ധേയമാണ്.

Leave A Reply