ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ലജ്ജിക്കുന്നു, ഖേദിക്കുന്നു: കാന്റർബറി ആർച്ച് ബിഷപ്

അമൃത്സര്‍: ജാലിയന്‍വാലാ ബാഗ് ദേശീയ മ്യൂസിയത്തിന്റെ പടവുകളില്‍ മുഖംമുട്ടിച്ച് നമസ്‌ക്കരിച്ച് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടമായവരെ അനുസ്മരിക്കുകയായിരുന്നു ജസ്റ്റിന്‍ വെല്‍ബി. ബ്രിട്ടനിലെ ആംഗ്ലിക്കന്‍ സഭാമേലധ്യക്ഷനായ ബിഷപ്പ് ചൊവ്വാഴ്ചയാണ് പഞ്ചാബിലെ ജാലിയന്‍വാലാ ബാഗിലെത്തിയത്. സന്ദര്‍ശന വിവരവും ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘നിരപരാധികളെ വെടിവച്ചുകൊന്ന സംഭവത്തിൽ ഞാൻ അങ്ങേയറ്റം ലജ്ജിക്കുകയും ഖേദിക്കുകയും ചെയ്യുന്നു.’ – ആർച്ച് ബിഷപ് പറ‍ഞ്ഞു. സ്മാരകം സന്ദർശിച്ചത് തന്നെ പിടിച്ചുലച്ച അനുഭവമായിരുന്നുവെന്നും 10 ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ അദ്ദേഹം സന്ദർശക ഡയറിയിൽ കുറിച്ചു.

‘ഞാൻ ബ്രിട്ടിഷ് സർക്കാരിന്റെ പ്രതിനിധിയല്ലാത്തതിനാൽ എനിക്കു ബ്രിട്ടനുവേണ്ടി സംസാരിക്കാനാവില്ല. എന്നാൽ എനിക്കു ക്രിസ്തുവിന്റെ നാമത്തിൽ സംസാരിക്കാൻ കഴിയും. ഇതു പാപത്തിന്റെ സ്ഥലമാണ്. എന്നാൽ ഇതു വീണ്ടെടുപ്പിനു വേണ്ടിയാണ്’– ആർച്ച് ബിഷപ് പറഞ്ഞു.

”അവരെന്താണ് ചെയ്തതെന്നോര്‍ക്കണം. അവരുടെ ഓര്‍മകള്‍ സജീവമായി നിലനില്‍ക്കണം. ഇവിടെ നടന്ന കുറ്റകൃത്യത്തെയോര്‍ത്ത് ലജ്ജിക്കുന്നു. അതില്‍ ഖേദിക്കുന്നു. മതനേതാവെന്ന നിലയില്‍ ആ ദുരന്തമോര്‍ത്തു ഞാന്‍ വിലപിക്കുന്നു” -ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

”അമൃത്സറില്‍ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല നടന്നസ്ഥലം ഇന്നു സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് കഠിനമായ വ്യഥയും എളിമയും അഗാധമായ നാണക്കേടും തോന്നി. ഇവിടെ, ഒട്ടേറെ സിഖുകാരെയും ഹിന്ദുക്കളെയും മുസ്ലിങ്ങളെയും 1919-ല്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ വെടിവെച്ചുകൊന്നു”വെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ അതിനെ അപലപിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി മാപ്പുചോദിക്കാനുള്ള പദവിയിലുള്ളയാളല്ലെങ്കിലും വ്യക്തിപരമായി മാപ്പുപറയുന്നുവെന്നായിരുന്നു അന്ന് അദ്ദേഹം കുറിച്ചത്.

1919 ഏപ്രിൽ 13 നാണ് വൈശാഖി ആഘോഷങ്ങൾക്കായി ജാലിയൻവാലാബാഗിൽ കൂടിയ ജനങ്ങൾക്കു നേരെ കേണൽ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് പട്ടാളം വെടിവയ്പു നടത്തിയത്. 379 പേർ മരിച്ചുവെന്നായിരുന്നു ഔദ്യോഗിക കണക്ക്. എന്നാൽ 1600 പേർ രക്തസാക്ഷികളായതായാണ് അനൗദ്യോഗിക കണക്ക്. ദുരന്തത്തിന്റെ നൂറാം വാർഷികത്തിൽ ബ്രിട്ടൻ മാപ്പുപറയണമെന്ന് ലോകവ്യാപകമായി ആവശ്യമുയർന്നെങ്കിലും ഖേദപ്രകടനം നടത്താൻ മാത്രമേ അവർ തയാറായുള്ളൂ.

Leave A Reply