തിരുവോണ ദിവസം നിരാഹാര സമരവുമായി മരട് ഫ്ലാറ്റുടമകൾ

കൊച്ചി: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചു. ഫ്ലാറ്റുകളിൽ നിന്ന് അഞ്ചുദിവസത്തിനുള്ളിൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. സംഘർഷഭരിതമായ സാഹചര്യത്തിലായിരുന്നു പലയിടത്തും നോട്ടീസ് നൽകിയത്. ഫ്ലാറ്റ് പൊളിക്കുന്നതിന് വിദഗ്ധരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് നഗരസഭ പത്രത്തില്‍ പരസ്യവും നല്‍കിയിട്ടുണ്ട്.

ഫ്ലാറ്റുകളിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നൽകിയതിനെതിരെ മരടിലെ ഫ്ലാറ്റ് ഉടമകൾ ഇന്ന് നിരാഹാര സമരം നടത്തും. രാവിലെ പത്ത് മണിക്ക് നഗരസഭയ്ക്ക് മുന്നിലാണ് നിരാഹാരമിരിക്കുക. ഓണാവധി ദിവസമായിട്ടും നോട്ടീസ് പതിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഫ്ലാറ്റ് ഉടമകളുടെ ഭാഗത്തുനിന്നുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് തിരുവോണ ദിവസം നിരാഹാരമിരിക്കാൻ ഉടമകൾ തീരുമാനിച്ചത്. നഗരസഭയിൽ നിന്ന് ജീവനക്കാർ പുറത്ത് പോകുന്നത് വരെ സമരം തുടരും. ഓണാവധിക്ക് ശേഷം നേരിട്ടെത്തി നോട്ടീസ് കൈപറ്റാമെന്ന് പറഞ്ഞിട്ടും അധികൃതർ തയ്യാറായില്ലെന്ന് ഉടമകൾ പറയുന്നു.

അടിയന്തിര കൗൺസിലിനു ശേഷമാണ് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ ഫ്ലാറ്റുകൾക്ക് നോട്ടീസ് നൽകാനെത്തിയത്. അഞ്ച് ദിവസത്തിനുള്ളില്‍ താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നാല് ഫ്ലാറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചു.ജെയിൻ,ആൽഫ ഫ്ലാറ്റുകളിലെ ഉടമകൾ നോട്ടീസ് സ്വീകരിക്കാൻ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഫ്ലാറ്റുകളുടെ ചുവരില്‍ നോട്ടീസ് പതിച്ച് മടങ്ങി.

എന്നാൽ ഗോൾഡൻ കായലോരം ഫ്ലാറ്റ് ഉടമകൾ നോട്ടീസ് നേരിട്ട് സ്വീകരിച്ചു. ക്യൂറേറ്റീവ് പെറ്റീഷനും റിവ്യൂ പെറ്റീഷനും നിലനിൽക്കുന്നതിനാൽ ഈ നോട്ടീസ് തങ്ങൾക്ക് ബാധകമല്ലെന്ന് എഴുതി നൽകിയതിനു ശേഷമാണ് ഫ്ലാറ്റുടമകൾ നോട്ടീസ് ഉദ്യോഗസ്ഥരിൽ നിന്നും കൈപ്പറ്റിയത്. ഹോളി ഫെയ്ത്ത് എച്ച് ടു ഒയിലെ ഉടമകള്‍ നഗരസഭ ഉദ്യോഗസ്ഥരെ തടയുന്ന സാഹചര്യവും ഉണ്ടായി. തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ സെപ്തംബര്‍ 20 ന് മുന്‍പ് പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

Leave A Reply