യുഎഇയിൽനിന്ന് എണ്ണയിതര ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി വർധിപ്പിക്കാൻ അഡെക്സ്

അബുദാബി : യുഎഇയിൽനിന്ന് എണ്ണയിതര ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് അബുദാബി വികസന നിധിയുടെ കീഴിൽ അബുദാബി എക്സ്പോർട്ട്സ് (അഡെക്സ്) എന്ന പുതിയ വിഭാഗം ആരംഭിച്ചു. ഇന്നലെ എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

യുഎഇയിൽനിന്നു ചരക്കുകളോ സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായവും ഗ്യാരന്റിയും നൽകുകയാണ് അഡെക്സിന്റെ ദൗത്യം. ഉൽപന്നങ്ങൾ യുഎഇയിൽ ഉൽപാദിപ്പിച്ചവ ആയിരിക്കണമെന്ന ഉപാധി മാത്രമാണ് ഇതിനായി മുന്നോട്ടുവച്ചിരിക്കുന്നത്.

യുഎഇ ആസ്ഥാനമായുള്ള കമ്പനികൾക്ക് വിദേശ വിപണിയിലേക്ക് കയറാനുള്ള പിന്തുണയാണ് അഡെക്സ് വാഗ്ദാനം ചെയ്യുന്നത്. വിദേശ കമ്പനികളുടെ ആവശ്യം അനുസരിച്ച് സാമ്പത്തിക സഹായവും ഗ്യാരന്റിയും അഡെക്സ് നൽകും. ക്രൂഡ് ഓയിൽ ഒഴികെയുള്ള ഏത് ബിസിനസിനും കുറഞ്ഞത് 3 ലക്ഷം ഡോളർ മുതൽ 15 വർഷ കാലാവധിയിൽ ധനസഹായം ലഭ്യമാക്കും. തുല്യകാലാവധിയിലേക്കാണ് ഗ്യാരന്റിയും നൽകുകയെന്നും അധികൃതർ അറിയിച്ചു.

Leave A Reply