സാമ്പത്തിക പ്രതിസന്ധി; ഇത്തവണ സൗജന്യ ഓണക്കിറ്റ് വിതരണം മുടങ്ങി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർധന കുടുംബങ്ങൾക്ക് സർക്കാർ നൽകി വരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം മുടങ്ങി. അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവർക്ക് സപ്ലൈകോ വഴി നൽകുന്ന ഓണക്കിറ്റാണ് ഇത്തവണ മുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധനവകുപ്പ് അംഗീകാരം നൽകാത്തതാണ് ഇതിനു കാരണം.

എല്ലാ വർഷവും ഓണക്കാലത്ത് നിർധന കുടുംബങ്ങൾക്ക് സർക്കാർ സപ്ലൈകോ വഴി ഓണക്കിറ്റ് നൽകിയിരുന്നു. അരി, പഞ്ചസാര, പയർ, കടല, മുളക് തുടങ്ങി ഓണസദ്യ ഒരുക്കാനാവശ്യമായ എല്ലാ സാധനങ്ങളും ഈ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിപിഎൽ വിഭാഗത്തിൽ തന്നെ സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ടവർക്കാണ് ഇതു നൽകി വന്നിരുന്നത്.
എന്നാൽ, ഇത്തവണ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഓണക്കിറ്റ് പദ്ധതിക്ക് ധനകാര്യ വകുപ്പ് അംഗീകാരം നൽകിയില്ല. സപ്ലൈകോ വഴി കിറ്റ് നൽകുകയും ഇതിന്റെ തുക സിവിൽ സപ്ലൈസ് കോർപ്പറേഷന് സർക്കാർ നൽകുകയുമാണ് ചെയ്യുന്നത്. സർക്കാർ അനുമതിയില്ലാത്തതിനാൽ സപ്ലൈകോ പദ്ധതി നടത്താൻ തയാറായില്ല.

Leave A Reply