ആർഎസ്എസ് മാതൃകയിൽ കോണ്‍ഗ്രസും; പ്രേരക്മാരെ നിയമിച്ച് പാർട്ടി പ്രവർത്തനം താഴെത്തട്ടിൽ എത്തിക്കും

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ പ്രചാരക് മാതൃകയില്‍, പ്രേരക് മാരെ നിയമിച്ച് പാർട്ടി പ്രവർത്തനം താഴെത്തട്ടിൽ എത്തിക്കാനൊരുങ്ങി കോൺ​ഗ്രസ്. അഞ്ചു ജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരക്മാരെയാണ് നിയമിക്കുക. സെപ്റ്റംബർ അവസാനത്തിനുള്ളിൽ പ്രേരക്മാരെ നിർദേശിക്കാൻ പിസിസികൾക്ക് നിർദേശം നല്‍കി.

പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളും ചരിത്രവും പ്രവര്‍ത്തകരെ പഠിപ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുകയാണ് പ്രേരക്മാരുടെ പ്രധാന ദൗത്യം. താഴെ തട്ടില്‍ ജനങ്ങളുമായി ഇടപഴകാന്‍ പ്രവര്‍ത്തകരെ സജ്ജരാക്കുകയും ഇവരുടെ ദൗത്യത്തില്‍പ്പെട്ടതാണ്.

ഈ മാസം മൂന്നിന് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ശില്‍പശാലയിലാണ് പ്രേരക് എന്ന ആശയം ഉയര്‍ന്നുവന്നത്. തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ആര്‍എസ്‌എസിന്റെ ജനകീയ സമ്പർക്ക മാതൃക സ്വീകരിക്കണമെന്ന് അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ തരുണ്‍ ഗൊഗോയി മാസങ്ങള്‍ക്ക് മുൻപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശില്‍പശാലയില്‍ സമാനമായൊരു ആശയം ഉയര്‍ന്നുവന്നിരിക്കുന്നത്.

Leave A Reply