ട്രെയിന്‍യാത്രയ്ക്കിടെ ഹൃദയാഘാതം; ചികിത്സ കിട്ടാതെ മുന്‍ ദേശീയ ജൂനിയര്‍ ഹോക്കി താരം മരിച്ചു

പുതുച്ചേരി: ട്രെയിൻ യാത്രയ്ക്കിടെ ചികിത്സ കിട്ടാതെ ദേശീയ ഹോക്കി ജൂനിയർ ടീം മുൻ താരം മരിച്ചു. റയിൽവേ ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി കുടുംബം. കൊല്ലം പുലമൺ സ്വദേശി മനുവാണ് മരിച്ചത്. പുതുച്ചേരിയിലെ വൃന്ദഛല്‍ റയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം.  റയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് മനുവിന്‍റെ കുടുംബം. പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് മനു.

ട്രെയിനില്‍ വച്ച് ഹൃദയാഘാതമുണ്ടായ മനുവിന് ചികിത്സ  സൗകര്യം റയിൽവേ അധികൃതർ ഒരുക്കിയില്ല. ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് സൗകര്യവും റെയില്‍വേ ഒരുക്കിയില്ല. അരമണിക്കൂറോളം മരണത്തോട് മല്ലിട്ട് റയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ശേഷമാണ് മനു മരിച്ചത്.  ആറാം തിയതി വൈകീട്ട് കേരളത്തിലേക്ക് തിരിച്ചതായിരുന്നു മനു.

നെഞ്ചുവേദന അനുഭവപ്പെടുന്ന കാര്യം ടിടിആറിനെ അറിയിച്ചിരുന്നു. വൃന്ദഛല്‍ റയിൽവേ സ്റ്റേഷനിൽ ആംബുലന്‍സ്  സൗകര്യം നല്‍കുമെന്ന് ടിടിആര്‍ അറിയിച്ചെങ്കിലും സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ ആംബുലന്‍സോ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അരമണിക്കൂര്‍ നേരം മനുവിന് റെയില്‍വേ സ്‌റ്റേഷനില്‍ കഴിയേണ്ടതായി വന്നു. പിന്നീട് സ്റ്റേഷനിലിറങ്ങി പ്രദേശവാസിയുടെ സഹായത്തോടെ സുഹൃത്ത്  ഏര്‍പ്പാടാക്കിയ ആംബുലന്‍സ് എത്തുമ്പോഴേക്കും മനു മരിച്ചിരുന്നു.

Leave A Reply