മൂത്തൂറ്റിലെ സമരം; സമവായ ചര്‍ച്ച പരാജയം

കൊച്ചി:  മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കവും സമരവും ഒത്തുതീർപ്പാക്കാൻ മന്ത്രി ടി.പി. രാമകൃഷ്ണൻ വിളിച്ച യോഗം പരാജയം. സമരം തുടരുമെന്നു ചർച്ചയ്ക്കു ശേഷം സിഐടിയു നേതാക്കൾ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഹാരമുണ്ടാക്കാനാണ് ശ്രമമെന്നും ഓണത്തിനു ശേഷം വീണ്ടും ചർച്ച നടത്തുമെന്നും തൊഴിൽ മന്ത്രി പറഞ്ഞു.

ശമ്പള വർദ്ധനവടക്കമുള്ള കാര്യങ്ങളിൽ മാനേജ്മെന്‍റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ബോണസും പിടിച്ച് വെച്ച ശമ്പളവും നൽകാമെന്ന് കമ്പനി അധിക്യതർ അറിയിച്ചെങ്കിലും പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ട് പോവില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് അറിയിച്ചു.

മന്ത്രി ടി പി രാമകൃഷ്ണനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയ യോഗത്തില്‍ പങ്കെടുക്കാതെ ജോര്‍ജ് അലക്സാണ്ടര്‍ മടങ്ങുകയായിരുന്നു. മുത്തൂറ്റ് ഫിനാൻസിൽ ഇപ്പോഴുള്ളത് തൊഴിൽ തർക്കമല്ല ക്രമസമാധാന പ്രശ്നമാണ്.  സമരം മുന്നോട്ടു പോയാൽ കൂടുതൽ ബ്രാഞ്ചുകൾ പൂട്ടേണ്ടി വരുമെന്നും നിലവിൽ 43 ബ്രാഞ്ചുകൾ പൂട്ടുന്നതിന് ആർബിഐയുടെ അനുമതി തേടിയിട്ടുണ്ടെന്നും എംഡി പറഞ്ഞു.

നേരത്തെ, മുത്തൂറ്റിലെ തൊഴിൽപ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.  രണ്ടു വിഭാഗങ്ങളും പ്രശ്‌നം ചർച്ച ചെയ്തു പരിഹരിക്കുകയാണ് വേണ്ടത്. ഇതിനുവേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകും. പ്രശ്‌നം ഉണ്ടായപ്പോൾ തന്നെ ഇടപെട്ടിരുന്നു. വളരെ പ്രമുഖരായ വ്യക്തികൾ ബന്ധപ്പെട്ടു. തൊഴിൽ മന്ത്രി തിരുവനന്തപുരത്തു വിളിച്ച യോഗത്തിനെത്താൻ മുത്തൂറ്റ് പ്രതിനിധികളോടു പറയണമെന്നും പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Leave A Reply