തിങ്കളാഴ്ച ഭൂമിയെ കടന്നുപോവുക മൂന്ന് ഛിന്നഗ്രഹങ്ങൾ!

ഭൂമിയ്ക്കരികിലേക്ക് കുതിച്ചുവരുന്ന നിരവധി ചിഹ്നഗ്രഹങ്ങളും ഉല്‍ക്കകളുമുണ്ട് ബഹിരാകാശത്ത്. അവയില്‍ ചിലതിനെയെല്ലാം മനുഷ്യര്‍ കണ്ടെത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അക്കൂട്ടത്തില്‍ മൂന്ന് ഛിന്നഗ്രഹങ്ങള്‍ തിങ്കളാഴ്ച ഭൂമിയ്ക്കരികിലൂടെ കടന്നുപോവും. ഇതില്‍ ഒന്ന് ഭൂമിയോട് ഏറ്റവും അടുത്ത് അഞ്ച് ലക്ഷം കിലോമീറ്റര്‍ പരിധിയില്‍ കൂടി കടന്നുപോവും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇത്രയും അടുത്തായി കടന്നുപോവുന്ന ഛിന്നഗ്രഹമാണിത്.

ഒരു ഛിന്നഗ്രഹം ഭൂമിയെ കടന്നുപോവുന്നത് അപൂര്‍വമായ ഒന്നല്ല. ദിവസേനയെന്നോണം ഇത് സംഭവിക്കുന്നുണ്ട്. എന്നാല്‍ രണ്ടെണ്ണം ഒന്നിച്ച് ഭൂമിയെ കടന്നുപോവുന്നത് അപൂര്‍വമാണ്. മാസത്തില്‍ ഒരിക്കല്‍ ഇത് സംഭവിക്കാറുണ്ട്. മൂന്നെണ്ണം ഒരുമിച്ച് ഭൂമിയ്ക്കരികിലൂടെ പോകുന്നതും വളരെ അപൂര്‍വമാണ്.

2019 ആര്‍എക്‌സ് 1, 2019 ക്യൂ സെഡ് 3, 2019 ആര്‍ജി 2 എന്നിവയാണ് ഇന്ന് ഭൂമിയ്ക്കരികിലെത്തുന്നത്. സാധാരണ ഛിന്നഗ്രങ്ങള്‍ ഭൂമിയുടെ 20 ലക്ഷം കിലോമീറ്റര്‍ ദൂരപരിധിയിലാണ് വരാറുള്ളത്. എന്നാല്‍ 2019 ല്‍ ആര്‍ജി 2 ഭൂമിയില്‍ നിന്നും 5,24,000 കിലോമീറ്റര്‍ പരിധിയിലൂടെയാണ് കടന്നുപോവുന്നത്. ഈ മൂന്ന് ഛിന്നഗ്രങ്ങളും വലിപ്പത്തില്‍ ചെറുതാണ്. 2019 ക്യൂ സെഡ് 3 ആണ് ഇക്കൂട്ടത്തില്‍ വലുത്. 38 മീറ്റര്‍ വ്യാസമുണ്ട് ഇതിന്. ഇതിനേക്കാള്‍ വലിപ്പം കുറഞ്ഞ 2019 ആര്‍ എക്‌സ് 1 ന് 28 മീറ്റര്‍ വ്യാസമാണുള്ളത്. ഏറ്റവും ചെറിയ ഛിന്നഗ്രഹമാണ് ഭൂമിയോട് ഏറ്റവും അടുക്കുന്ന 2019 ആര്‍ജി 2. 11 മീറ്റര്‍ വ്യാസമാണ് ഇതിനുള്ളത്. ശരാശരി ഒരു മനുഷ്യന്റെ ഇരട്ടിവലിപ്പമേ ഇതിനുള്ളൂ.

വലിപ്പം കുറവുള്ളതിനാല്‍ 2019 ആര്‍ജി 2 ന് സഞ്ചാര വേഗം കൂടുതലാണ്. മണിക്കൂറില്‍ 79,164 കിമി വേഗതയിലാണ് ഇതിന്റെ സഞ്ചാരം സെപ്റ്റംബറില്‍ ഭൂമിയെ കടന്നുപോവുന്ന ഏറ്റവും വേഗമേറിയ ഛിന്നഗ്രഹമാണിത്. ഈ മൂന്ന് ഛിന്നഗ്രങ്ങളും ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നവയല്ല. സെന്റര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് അത്തരത്തിലുള്ള മുന്നറിയിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ല.

Leave A Reply