പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഎം നേതാവായ രണ്ടാനച്ഛനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

കൊല്ലം: അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാനച്ഛനെതിരെ കേസ്. സിപിഎം നേതാവുകൂടിയായ രണ്ടാനച്ഛനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. സിപിഎം ഏരൂര്‍ ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗവുമായ വ്യക്തിക്കെതിരെയാണ് പരാതി.

പെണ്‍കുട്ടി തിരുവനന്തപുരം റൂറൽ എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ചൽ പൊലീസ് കേസെടുത്തത്. തന്‍റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ഇയാള്‍ ആദ്യമേ മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പെൺകുട്ടി പറയുന്നു. ആദ്യ വിവാഹം വേർപെടുത്തിയ കുട്ടിയുടെ അമ്മ ഇയാളെ വിവാഹം കഴിച്ചതോടെ പീഡന ശ്രമം കൂടിയെന്നും ഇതോടെ താൻ ഹോസ്റ്റലിലേക്ക് മാറിയെന്നും അവധി ദിവസങ്ങളില്‍ പോലും വീട്ടിൽ പോകാറില്ലായിരുന്നുവെന്നും കുട്ടിയുടെ പരാതിയില്‍ പറയുന്നു. രാത്രിയില്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞിരുന്നുവെന്നും സംഭവങ്ങൾ അമ്മയോട് പറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

പ്രായപൂര്‍ത്തിയായതോടെ താൻ മറ്റൊരു യുവാവിനെ രജിസ്റ്റ‍ർ വിവാഹം കഴിച്ചു. ഇത് അംഗീകരിക്കാതെ വീട്ടുകാ‍ർ ഭര്‍ത്താവിനെതിരെ തിരിയുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ അഞ്ചൽ പൊലീസ് പോക്സോ നിയമപ്രകാരം കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇത് വ്യാജപ്പരാതിയാണെന്നും തന്നെ കുടുക്കാൻ വേണ്ടി ചെയ്തതാണെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

Leave A Reply