ടെക്കിയായ യുവതിയുടെ മരണത്തിൽ ദുരൂഹത; ഓട്ടോ ഡ്രൈവറായ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നേമം പുതിയ കാരയ്ക്കാമണ്ഡപത്തിനു സമീപം വാടക വീട്ടിൽ താമസിച്ചു വന്നിരുന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കഴക്കൂട്ടം അമ്പലത്തിൻകര സെറ്റിൽമെന്റ് കോളനിയിൽ രാജൻ-തുളസി ദമ്പതികളുടെ മകൾ രേഷ്മ (24) ആണ് മരിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുക്തർ അഹമ്മദിനെ നേമം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

രേഷ്മ ടെക്നോപാർക്കിലെ മുൻ ജീവനക്കാരിയാണ്. മുക്താർ ഓട്ടോ ഡ്രൈവറും. ഇയാൾ കാരയ്ക്കാമണ്ഡപത്തിലാണ് താമസമെങ്കിലും കൂടുതലായും നഗരത്തിലാണ് ഓട്ടോ ഓടുന്നത്.
രേഷ്മയെ സ്ഥിരം ജോലിസ്ഥലത്തേയ്ക്കു കൊണ്ടു വിടാൻ എത്തിയിരുന്നത് ഓട്ടോഡ്രൈവറായ മുക്താർ ആയിരുന്നു. ടെക്നോപാർക്കിലേയ്ക്കുളള സ്ഥിരം സവാരിക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. തുടർന്ന് 8 മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നീട് ഇവർ പുതിയ കാരയ്ക്കാമണ്ഡപം തമ്പുരാൻ നഗർ മുതുകാട്ടുവിള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

ഇയാൾ യുവതിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് അയൽവാസികളുടെ മൊഴി. സംഭവദിവസം പുറത്തായിരുന്ന യുവതിയെ മുക്താർ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയതായി സാക്ഷി മൊഴിയുണ്ട്. പിന്നീട് വീട്ടിൽ എന്തു സംഭവിച്ചുവെന്ന് ആർക്കും അറിയില്ല. വൈകുന്നേരം 3 മണിയ്ക്ക് ശേഷം മുക്താർ ഒരു ഓട്ടോയിൽചലനമറ്റ രേഷ്മയെയും കൊണ്ട് നേമം ശാന്തിവിള താലൂക്കാശുപത്രിയിൽ എത്തുകയായിരുന്നു. ഭാര്യ കഴുത്തിൽ കുരിക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മുക്താർ അഹമ്മദ് സ്ഥിരം മദ്യപാനിയാണ്.പിടിയിലാകുമ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പരിശോധനയിൽ യുവതി തൂങ്ങി മരിച്ചതായുളള യാതൊരു അടയാളങ്ങളും കാണാനില്ലായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മുക്താർ പരസ്പര വിരുദ്ധമായിട്ടാണ് കാര്യങ്ങൾ പറഞ്ഞത്. യുവതി വീട്ടിനുളളിലെ കിടപ്പുമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് ഇയാൾ പൊലീസിനോട് ആവർത്തിച്ചു പറഞ്ഞു.

യുവതിയുടെ മൃതദേഹം നടപടികൾക്ക് ശേഷം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇന്ന് ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തും. വിശദമായ പരിശോധനാ ഫലം വന്നാൽ മാത്രമേ യുവതിയുടെ മരണത്തിനു പിന്നിലുളള കാരണം വ്യക്തമാവുകയുളളുവെന്ന് നേമം പൊലീസ് പറഞ്ഞു.

Leave A Reply