മഴക്കെടുതി ഓണാഘോഷങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ നടപടി; ഓണച്ചന്തകൾ വഴി സബ്‌സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കും

തിരുവനന്തപുരം:  മഴക്കെടുതി ഓണാഘോഷങ്ങളെ ബാധിക്കാതിരിക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. അവശ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങി. സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്‌, വിഎഫ്പിസികെ തുടങ്ങിയവകളുടെ ഓണച്ചന്തകൾ വഴി കുറഞ്ഞ നിരക്കിൽ പലവ്യഞ്‌ജനങ്ങളും പച്ചക്കറികളും ലഭിക്കും.

സപ്ലൈകോ ഓണച്ചന്തകളിൽ ഹാൻടെക്സ്, ഹാൻവീവ്, മത്സ്യഫെഡ്, മീറ്റ്പ്രൊഡക്ട് ഓഫ് ഇന്ത്യ, കയർഫെഡ്, വനശ്രീ, വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ, വനിതാ വികസന കോർപറേഷൻ സ്റ്റാളുകളും ഉണ്ടാവും.

കൃഷിവകുപ്പിന്റെയും ഹോർട്ടികോർപിന്റെയും ആഭിമുഖ്യത്തിൽ 2000 ഓണച്ചന്തകൾ ഒരുക്കാനാണ് തീരുമാനം. കൃഷിവകുപ്പ്- 1350, ഹോർട്ടികോർപ്‌- 450, വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ- 200 എന്നിങ്ങനെയാണ്‌ ചന്തകൾ തുടങ്ങുക. കർഷകർക്ക് 10 ശതമാനം കൂടുതൽ വില നൽകി പച്ചക്കറികൾ ശേഖരിച്ച് പൊതുജനങ്ങൾക്ക് 10 മുതൽ 20 ശതമാനംവരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും.

200 ത്രിവേണി മാർക്കറ്റും 3300 സഹകരണ സംഘവും ഉൾപ്പടെ 3500 വിപണികളാണ്‌ പ്രവർത്തിക്കുക. പൊതുവിപണിയിലുള്ളതിനെക്കാൾ പകുതിയോളം വില കുറച്ച് 13 ഇനം സബ്‌സിഡി സാധനങ്ങൾ ലഭിക്കും. സഹകരണ മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന വിവിധ ബ്രാൻഡുകളും കേരഫെഡിന്റെ വെളിച്ചെണ്ണയും ലഭിക്കും. 10 മുതൽ 30 ശതമാനംവരെ വിലക്കുറവുണ്ടാകും.

Leave A Reply