കാപ്പാന്‍; ചിത്രം സെപ്റ്റംബര്‍ 20 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും

സൂര്യയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തുന്ന കാപ്പാന്‍ സെപ്റ്റംബര്‍ 20 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നു. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. സയേഷയാണ് നായിക. ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

മോഹന്‍ലാലിന്റെ മകന്‍ അഖില്‍ വര്‍മയായി ആര്യ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അയന്‍, മാട്രാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സൂര്യയും കെ.വി ആനന്ദും ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും കാപ്പാനുണ്ട്. പൂര്‍ണ(ഷംന), ബൊമന്‍ ഇറാനി, സമുദ്രക്കനി, പ്രേം, തലൈവാസല്‍ വിജയ്, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

എം.എസ്.പ്രഭുവാണ് ഛായാഗ്രാഹകന്‍. ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കുന്നത്. സ്റ്റണ്ട് മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍, പീറ്റര്‍ ഹെയ്ന്‍ എന്നിവര്‍ ചിത്രത്തിലെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഡാന്‍സ് മാസ്റ്റര്‍മാരായ ബാബാ ഭാസ്‌കര്‍, ഷോബി, ഗണേഷ് ആചാര്യ എന്നിവര്‍ ചേര്‍ന്നാണ് ഗാന-നൃത്ത രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Leave A Reply