കോട്ടയത്ത് ബസ് നടുറോഡിൽ ഉപേക്ഷിച്ച് ഗതാഗതം തടസ്സപ്പെടുത്തിയ സംഭവം; ജീവനക്കാർ അറസ്റ്റിൽ

കോട്ടയം: റോഡരികിലേക്ക്‌ മാറ്റിയിടാൻ പോലീസുകാരൻ ആവശ്യപ്പെട്ടതിന് ബസ് നടുറോഡിൽ ഉപേക്ഷിച്ച് ഗതാഗതം തടസ്സപ്പെടുത്തിയ ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഡ്രൈവർ റെജിമോൻ, കണ്ടക്ടർ സനുലാൽ, ജീവനക്കാരൻ മത്തായി എന്നിവരെയാണ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം നഗരമധ്യത്തിലാണ്‌ സംഭവം.

ബേക്കർ കവലയിൽ ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ചീപ്പുങ്കൽ-പാലാ റൂട്ടിലോടുന്ന ചെന്നിക്കര ബസാണ് നടുറോഡിൽ വിലങ്ങി മാർഗതടസ്സമുണ്ടാക്കിയത്. തിരക്കേറിയ റോഡിന് നടുവിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതുകണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ബസ് റോഡിന് വശത്തേക്ക്‌ മാറ്റിയിടാൻ ആവശ്യപ്പെട്ടു. തുടർന്ന് തങ്ങൾ ട്രിപ്പ് മുടക്കുകയാണെന്നറിയിച്ച് ഡ്രൈവറും കണ്ടക്ടറും ബസ് നടുറോഡിൽ ഉപേക്ഷിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. യാത്രക്കാർ പിന്നാലെയെത്തിയ ബസിൽ കയറിപ്പോയി. ബേക്കർ കവലയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

വിവരമറിഞ്ഞെത്തിയ കോട്ടയം ട്രാഫിക് എസ്.ഐ. മനു വി.നായർ ബസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഗതാഗത തടസ്സമുണ്ടാക്കിയതിനും പോലീസ് നിർദേശം അവഗണിച്ചതിനുമാണ് ജീവനക്കാർക്കെതിരേ കേസെടുത്തത്. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളെടുക്കുമെന്ന്‌ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave A Reply