‘പാരസെറ്റമോള്‍ എന്ന് മുതലാണ് ജീവന് ഹാനികരമായത്?’; ഡോ. ഷിംന അസീസിന്റെ കുറിപ്പ്

‘പാരസെറ്റമോള്‍’, എല്ലാവരും സൂക്ഷിക്കുന്ന പ്രഥമശ്രുശ്രൂഷാ (ഫസ്റ്റ് എയ്ഡ്) കിറ്റില്‍ പാരസെറ്റമോളിന്‍റെ ഒരു സ്ട്രിപ്പുണ്ടാകുമെന്ന് ഉറപ്പാണ്. കുഞ്ഞുങ്ങളുള്ള വീടാണെങ്കില്‍ ഒരു കുപ്പി പാരസെറ്റമോള്‍ സിറപ്പും. ഒരു തലവേദനയോ, ജലദോഷമോ, പനിയുടെ ലക്ഷണമോ തോന്നിയാല്‍, എന്തിന് ആര്‍ത്തവ ദിനങ്ങളിലെ വയറുവേദനയെ ചെറുക്കാന്‍ വരെ പാരസെറ്റമോളില്‍ അഭയം തേടുന്നവരാണ് നമ്മള്‍.

എന്നാല്‍, പാരസെറ്റമോള്‍ ഒരു വില്ലനാണെന്നും അത് കഴിക്കരുതെന്നും, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് അത് ഇടയാക്കുമെന്നുമുള്ള പ്രചരണങ്ങളും മറുഭാഗത്ത് ഉണ്ട്. പാരസെറ്റമോള്‍ എലിവിഷമാണെന്നായിരുന്നു ആദ്യത്തെ പ്രചരണം. ഗര്‍ഭിണികളില്‍ പാരസെറ്റമോള്‍ ഉപയോഗം ഗര്‍ഭസ്ഥ ശിശുവിന്‍റെ അണ്ഡാശത്തെ തകരാറിലാക്കും എന്നും പ്രചരിച്ചിരുന്നു.

പാരസെറ്റമോള്‍ മരുന്ന് കടകളിൽ നിന്ന് ലഭിക്കണമെങ്കില്‍ ഡോക്ടറുടെ കുറിപ്പിന്റെ ആവശ്യമേയില്ല. ഉയര്‍ന്ന ഡോസില്‍ സ്ഥിരമായി കഴിച്ചാല്‍ മാത്രമാണ് കരളിനെ ബാധിക്കുന്ന തരത്തിലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഈ മരുന്ന് കാരണമാകുന്നുള്ളൂ എന്ന് പല തവണ നവമാധ്യമങ്ങളിലൂടെ ഡോക്ടര്‍മാര്‍ തന്നെ വിശദീകരണവുമായി എത്തിയിരുന്നു.

പക്ഷേ, വീണ്ടും പാരസെറ്റമോളിന്‍റെ പേരില്‍ വ്യാജപ്രചരണം തുടരുകയാണ്. P/500 എന്നെഴുതിയിരിക്കുന്ന വെള്ള നിറത്തിലുള്ള പാരസെറ്റമോള്‍ ഗുളികയില്‍ മാച്ചുപോ വൈറസ് അടങ്ങിയിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറയുന്നുവെന്നാണ് പുതിയ പ്രചരണം. ഇത് ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് ആണെന്നും മരണനിരക്ക് കൂട്ടുന്നതാണെന്നും നവമാധ്യമങ്ങളിലൂടെ പ്രചരിച്ചുക്കൊണ്ടിരിക്കുന്നു.

എന്നാല്‍, ടാബ്‍ലെറ്റ് പോലൊരു വരണ്ടുണങ്ങിയ വസ്തുവില്‍ വൈറസിന് ജീവിക്കാന്‍ കഴിയില്ലെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും പറയുകയാണ് ഡോ. ഷിംന അസീസ് തന്‍റെ ഫെയ്‍സ്ബുക്ക് കുറിപ്പിലൂടെ.

Leave A Reply