നരേന്ദ്ര മോദിയുടെ നോട്ട് നിരോധനവും ഫലം കണ്ടില്ല; ‘വ്യാജന്മാർ’ പുതിയ രൂപത്തിൽ വിലസുന്നു

രാജ്യത്ത് കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ 2016 നവംബർ എട്ടിന് നോട്ട് നിരോധനം നടപ്പാക്കിയത്. 500, 1000 രൂപ മൂല്യമുള്ള നോട്ടുകളാണ് നിരോധിച്ചത്.

എന്നാൽ, റിസർവ് ബാങ്കിന്റെ പുതിയ കണക്ക് പ്രകാരം 2018-19 ൽ അഞ്ഞൂറ് രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണം മുൻ വർഷത്തെക്കാൾ 121 ശതമാനമാണ് കൂടിയത്. രണ്ടായിരം രൂപയുടെ കാര്യത്തിൽ 21.9 ശതമാനമാണ് കള്ളനോട്ടുകളുടെ വർധന.

നോട്ട് നിരോധനത്തിന് ശേഷം 1000 രൂപ നോട്ട് ഒഴിവാക്കി 2000 രൂപയുടെയും 500 രൂപയുടെയും നോട്ട് പുതുതായി പുറത്തിറക്കി. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറവും കള്ളനോട്ടുകൾ സുലഭമാണെന്നാണ് ആർബിഐ റിപ്പോർട്ട്. നിരോധിച്ച നോട്ടുകൾക്ക് പകരം ഏർപ്പെടുത്തിയ 500, 2000 എന്നീ നോട്ടുകളുടെയും അതിന് ശേഷം കൊണ്ട് വന്ന ഇരുനൂറ് രൂപയുടെയും നോട്ടുകളിലാണ് വ്യാജന്മാർ പുറത്തിറങ്ങുന്നത്.

500 രൂപയുടെ പുതിയ നോട്ടിറങ്ങിയത് 2016 ലാണ്. റിസർവ് ബാങ്കിന്റെ പുതിയ കണക്ക് പ്രകാരം 2018-19 ൽ 500 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണം മുൻ വർഷത്തെക്കാൾ 121 ശതമാനമാണ് കൂടിയത്. രണ്ടായിരം രൂപയുടെ കാര്യത്തിൽ 21.9 ശതമാനമാണ് കള്ളനോട്ടുകളുടെ വർധന. 2017 ഓഗസ്റ്റിൽ നിലവിൽ വന്ന ഇരുനൂറു രൂപയ്ക്ക് 12,728 വ്യാജ നോട്ടുകളാണ് ഇക്കാലയളവിൽ കണ്ടെത്തിയത്. അതിനു മുൻപുള്ള സാമ്പത്തിക വർഷം കേവലം 79 വ്യാജ നോട്ടുകളെ റിപ്പോർട്ട് ചെയ്തിരുന്നുള്ളു. ഇക്കാലയളവിൽ 500 രൂപയുടെയും 2000 രൂപയുടെയും എണ്ണം വർധിച്ചത് യഥാക്രമം 18%, 20% വുമാണ്.

വലിയ സംഖ്യയുള്ള നോട്ടുകളിൽ മാത്രമല്ല ചെറിയ തുകയുടെ നോട്ടുകളിലും കള്ളനോട്ടിറങ്ങുന്നുണ്ട്. പത്തു രൂപയുടെ കള്ളനോട്ടിൽ 20.2%, ഇരുപത് രൂപയുടെ കള്ളനോട്ടിൽ 87.2%, അമ്പത് രൂപയുടെ കള്ളനോട്ടിൽ 57.3% എന്നിങ്ങനെയാണ് വർധനവ്. ഇക്കാലയളവിൽ 100 രൂപയുടെ കള്ള നോട്ടുകളുടെ എണ്ണത്തിൽ മാത്രമാണ് കുറവുള്ളത്. 7.5 ശതമാനമാണ് കുറവ്.

2018-19 കാലയളവിൽ, ബാങ്കിങ് മേഖലയിൽ കണ്ടെത്തിയ ആകെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളിൽ (എഫ്ഐസിഎൻ) 5.6 ശതമാനം റിസർവ് ബാങ്കിലും 94.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് കണ്ടെത്തിയതെന്ന് ആർബിഐയുടെ റിപ്പോർട്ടിൽ പറയുന്നു.

കള്ളനോട്ടുകളെ ഒഴിവാക്കാനാണ് ഘട്ടം ഘട്ടമായി പുതിയ നോട്ടുകൾ ആർബിഐ ഇറക്കിയത്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം പഴയ ബാങ്ക് നോട്ടുകളിൽ വ്യാജൻ വർധിക്കാൻ സാധ്യയുണ്ടെന്ന വിലയിരുത്തലിലായിരുന്നു ഇത്.

മുൻ വർഷത്തെ അപേക്ഷിച്ചു 2000 രൂപ നോട്ടുകളുടെ എണ്ണം 336 കോടി നിന്ന് 329 കോടി ആയി കുറഞ്ഞു. എന്നാൽ അഞ്ഞൂറ് രൂപ നോട്ടുകളുടെ എണ്ണം 1546 കോടി നിന്ന് 2151 കോടിയായി വർധിച്ചു. പ്രചാരത്തിലുള്ള നോട്ടുകളുടെ മൊത്തം മൂല്യത്തിന്റെ 82.2 ശതമാനമാണ് 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകളുടെ വിഹിതമെന്നാണ് റിപ്പോർട്ട്.

Leave A Reply