കോടതി മുറിയിൽ നിന്നും ഇറങ്ങി ഓടിയ വാറന്റ്  പ്രതി പിടിയില്‍

ചവറ:  കോടതി മുറിയിൽ നിന്നും ഇറങ്ങി ഓടിയ വാറന്റ്  പ്രതിയെ സ്പെഷൽ ബ്രാഞ്ച് എസ്ഐ പിന്തുടർന്ന് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12ന് ചവറ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലായിരുന്നു സംഭവം. ജാമ്യത്തിന് കോടതിയിൽ ഹാജരായ തേവലക്കര മൊട്ടയ്ക്കൽ തുണ്ടതറയിൽ ശരത്ത് (26) ആണ് ഇറങ്ങിയോടിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ തെക്കുംഭാഗം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷിനെ തള്ളിയിട്ടു. ഇദ്ദേഹത്തിനു കാലിനു പരുക്കേറ്റു.

2 കിലോമീറ്റർ അകലെ  കൊല്ലക സിഎൻ ജംക്‌ഷനിൽ വച്ച് എസ്ഐ അബ്ദുൽ സലാം ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ചവറ സ്റ്റേഷനിലെ എഎസ്ഐ വിനോദിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി ശരത്തിനെ  തെക്കുംഭാഗം പൊലീസിനു കൈമാറി. പൊലീസുകാരനെ വീടുകയറി ആക്രമിച്ചത് ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയായ ശരത് മറ്റൊരു കേസിൽ വാറന്റ് ഉണ്ടായതിനെത്തുടർന്ന് ജാമ്യത്തിനായി കോടതിയിൽ എത്തിയതായിരുന്നു. ഇയാളുടെ കേസ് പരിഗണിക്കുന്നതിനിടെ വേറെ കേസിൽ വാറന്റ് ഉണ്ടെന്ന് എപിപി കോടതിയെ ബോധ്യപ്പെടുത്തുകയും മജിസ്ട്രേട്ട് ശരത്തിനോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഈ കേസിൽ ശരത്തിനെ തേടി പൊലീസെത്തിയതറിഞ്ഞ് കോടതിയിൽ നിന്നും  ഇറങ്ങിയോടുകയായിരുന്നു.

Leave A Reply