ഫോമാ പൊതുയോഗം ഒക്ടോബർ 26ന് ഡാളസിൽ

ഡാളസ്:  ഫോമായുടെ ഈ വർഷത്തെ വാർഷിക പൊതുയോഗം, ഒക്ടോബർ മാസം ഇരുപത്തിയാറാം തീയതി ശനിയാഴ്ച ഡാളസിലെ എർവിങ്ങ് സിറ്റിയിലുള്ള ഏട്രിയം ഹോട്ടലിൽ വെയ്ച്ചു നടത്തപ്പെടുന്നതായിരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം, കൃത്യം മൂന്നു മണിയ്ക്ക് ആരംഭിക്കുന്ന പൊതുയോഗത്തിൽ പത്തിന അജണ്ടകളാണ് അവതരിപ്പിക്കുന്നത്. ഫോമായുടെ മുഖ്യധാരാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനോടൊപ്പം ഭാവികാര്യങ്ങളും പ്രധാന ചർച്ചാവിഷയങ്ങളാകും. ഒരു അംഗസംഘടനയിൽ നിന്നും ഏഴുപ്രതിനിധികൾക്ക് പ്രസ്തുത പൊതുയോഗത്തിൽ പങ്കെടുക്കാനാകും. പങ്കെടുക്കുന്ന പ്രതിനിധികളുടെ വ്യക്തിഗതവിവരങ്ങളടങ്ങിയ പട്ടിക സെപ്റ്റംബർ മാസം മുപ്പതാം തീയതിയ്ക്കകം ജനറൽ സെക്രെട്ടറിയ്ക് കിട്ടിയിരിക്കണം. പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ, സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് പ്രവേശനസമയത്ത് ഹാജരാക്കേണ്ടതാണ്. കാലഹരണപ്പെട്ട തിരിച്ചറിയൽ രേഖകൾ പരിഗണിക്കുന്നതല്ല.

ഫോമായുടെ ഒഴിവു വരുന്ന തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രീയകളും, അതിനുള്ള നടപടിക്രമങ്ങളും യഥാക്രമം ഈ പൊതുയോഗത്തിൽ അനുവർത്തിക്കുന്നതായിരിക്കും. പൊതുയോഗത്തിന്റെ വിശദമായ വിവരങ്ങളും, രേഖകളും, ഫോറങ്ങളും എല്ലാ അംഗസംഘടനകൾക്കും ഇതിനോടകം നേരിട്ട് അയച്ചുകൊടുത്തിട്ടുണ്ട്. ഏതെങ്കിലും സാങ്കേതിക തടസ്സത്താൽ പ്രസ്തുത അറിയിപ്പുകൾ ലഭിച്ചിട്ടില്ലാത്തവർ ദയവായി നേരീട് ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നതായി ജനറൽ സെക്രെട്ടറി ജോസ് ഏബ്രഹാം അറിയിച്ചു. ഫോമയുടെ പരമോന്നത സഭയാണ് ഈ പൊതുയോഗം, ഇതിന്റെ ഭാഗഭാക്കാവുകയെന്നത് നമ്മളോരോരുത്തരുടേയും കടമയും, കർത്തവ്യവുമാണന്നും,അതു കൊണ്ടുതന്നെ എല്ലാ അംഗസംഘടനയിൽ നിന്നും പ്രാധിനിത്യം ഉറപ്പാക്കണമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ ഫോമാ എക്സിക്യൂട്ടീവിനുവേണ്ടി അഭ്യർത്ഥിച്ചു.

ടെക്സസ്സിലെ ഡാളസ് ഫോർട്ട് വർത്ത് വിമാനത്താവളത്തിൽ നിന്നും ആറ് മൈലും, ലവ് ഫീൽഡ് വിമാനത്താവളത്തിൽ നിന്നും പന്ത്രണ്ടര മൈലുകളും മാത്രമേ എർവിങ്ങ് സിറ്റിയിലുള്ള ഏട്രിയം ഹോട്ടലിലേക്ക് ദൂരമുള്ളു. ഫോമായുടെ ഈ പൊതുയോഗത്തിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം കാര്യങ്ങൾ ക്രമീകരിക്കുന്നതിനായി, ഫോമാ ദക്ഷിണ റീജിയൻ വൈസ് പ്രസിഡന്റ് തോമസ് ഓലിയാംകുന്നേൽ, നാഷണൽ കമ്മറ്റിയങ്ങളായ രാജൻ യോഹന്നാൻ, പ്രേംദാസ് മമ്മഴിയിൽ, അന്തർദേശീയ കൺവൻഷൻ ചെയർമാൻ ബിജു തോമസ് ലോസൺ, കൺവൻഷൻ വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ, കൺവൻഷൻ ജനറൽ കൺവീനർ സുനിൽ തലവടി, ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സാം മത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി ഇതിനോടകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ – 469 877 7266
ജനറൽ സെക്രെട്ടറി ജോസ് ഏബ്രഹാം – 718 619 7759
ബിജു തോമസ് ലോസൻ – 972 342 0568
സുനിൽ തലവടി – 214 543 7576
സാം മത്തായി – 469 450 0718

Leave A Reply