മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭയിലേക്ക് മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി ആം​ആ​ദ്മി പാ​ർ​ട്ടി

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനം മഹാരാഷ്ട്രയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. ബി.ജെ.പി-ശിവസേനാ കൂട്ടുകെട്ടിനെതിരെ നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കവെ പാര്‍ട്ടി ദേശീയ വക്താവ് പ്രീതി ശര്‍മ മേനോന്‍ പറഞ്ഞത്. വ്യാഴാഴ്ച പാര്‍ട്ടിയുടെ സംസ്ഥാന ഘടകം യോഗം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്. വെ​ള്ളി​യാ​ഴ്ച   പ്രചാരണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം പോലും ശബ്ദമുയര്‍ത്തുന്നില്ലെന്ന് പ്രീതി ആരോപിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന്  സംസ്ഥാന ഘടകം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആരോപിച്ചിരുന്നു. ഒരിക്കല്‍ വികസിത സംസ്ഥാനമെന്നായിരുന്ന മഹാരാഷ്ട്രയെക്കുറിച്ച് കേട്ടിരുന്നത്. എന്നാല്‍ ഇവിടെ ഇന്നുള്ളത്, വരള്‍ച്ച, വെള്ളപ്പൊക്കം, കര്‍ഷക ആത്മഹത്യ, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, തൊഴിലില്ലായ്മ, ക്രമസമാധാന നില തകര്‍ച്ച, കുറ്റകൃത്യങ്ങളിലെ വളര്‍ച്ച, അഴിമതി, ഉദ്യോഗസ്ഥഭരണം, സമ്പദ്‌വ്യവസ്ഥയിലെ തകര്‍ച്ച, പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച എന്നിവയാണെന്നും കുറിപ്പില്‍ പറയുന്നു.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി സംസ്ഥാനത്തു മത്സരിച്ചിരുന്നില്ല. 2014-ല്‍ മത്സരിച്ചിരുന്നെങ്കിലും ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. 2.2 ശതമാനം വോട്ടുവിഹിതമാണ് അന്നു ലഭിച്ചത്.

Leave A Reply