ശ്രീറാം വെങ്കിട്ടരാമൻറെ ലൈസൻസ് ഇന്ന് റദ്ദാക്കും

തിരുവനന്തപുരം:  മദ്യലഹരിയിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻറെ ലൈസൻസ് ഇന്ന് റദ്ദാക്കും. എന്നാല്‍, കേസിലെ രണ്ടാം പ്രതി വഫ ഫിറോസിൻറെ ലൈസൻസ് റദ്ദുചെയ്യുന്നത് വൈകുമെന്നാണ് വിവരം . ലൈസൻസ് റദ്ദാക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുണ്ടോയെന്ന് ഗതാഗത സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

ബഷീറിന്റെ മരണത്തിനു പിന്നാലെയാണ് കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻറെയും വഫയുടെയും ലൈസൻസുകള്‍ ഉടൻ റദ്ദാക്കുമെന്നുള്ള തീരുമാനം മോട്ടോർവാഹനവകുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ ,സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ലൈസൻസ് റദ്ദാക്കാത്തത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു . ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ശ്രീറാമിന്‍റെ ലൈസൻസ് റദ്ദാക്കാൻ തീരുമാനമായത് .

മോട്ടോർ വാഹനവകുപ്പ് നൽകിയ കാരണം കാണിക്കൽ നോട്ടീസ്, ഈ മാസം മൂന്നിന് വൈകുന്നേരം സ്വകാര്യ ആശുപത്രിയിൽ വച്ച് ശ്രീമാമിന്‍റെ സുഹൃത്ത് ഒപ്പിട്ടുവാങ്ങിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടി നല്കാത്തത്തിനെ നൽകാത്തതിനെ തുടർന്നാണ് ലൈസൻസ് റദ്ദാക്കുന്നത്. പക്ഷേ, വഫയുടെ ലൈൻസ് റദ്ദാക്കുന്നതിൽ ഇനിയും നടപടി ക്രമങ്ങള്‍ പൂർത്തിയാക്കാനുണ്ടെന്ന് തിരുവനന്തപുരം ആർടിഒ അറിയിച്ചു .

വഫ ഫിറോസോ ബന്ധുക്കളോ നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. ഒന്നര ആഴ്ച മുമ്പ് വഫയുടെ പട്ടത്തെ വീട്ടിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് പതിക്കുകയായിരുന്നു. അമിതവേഗതയിൽ വാഹനമോടിച്ചതിനും ഗ്ലാസിൽ സണ്‍ഫിലിം ഒട്ടിച്ചതിനും വഫക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് പതിച്ചതിന് പിന്നാലെ വഫ നിയമലംഘനങ്ങള്‍ക്ക് പിഴയടച്ചു. ഇത് നിയമലംഘനം അംഗീകരിച്ചതിന് തെളിവാണെന്ന് അധികൃതർ പറഞ്ഞു . നിയമലംഘനങ്ങളും ബഷീറിൻറെ കേസും ഉള്‍പ്പെടെ വഫക്ക് പുതിയ നോട്ടീസ് നൽകണമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

Leave A Reply