ചിറ്റാരിൽ പള്ളിമുറ്റത്തുനിന്ന ചന്ദനമരം മുറിച്ചുകടത്തിയ നിലയിൽ

സീതത്തോട്: ചിറ്റാർ ഹിദായത്തൂൽ ഇസ് ലാംജുമാ മസ്ജിദിന് മുമ്പിൽനിന്ന ചന്ദനമരം മോഷ്ടാക്കൾ മുറിച്ചുകടത്തിയ നിലയിൽ. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് 150-മീറ്റർ അകലെയുള്ള പള്ളിമുറ്റത്തുനിന്നാണ് ചന്ദനമരം മോഷണം പോയിട്ടുള്ളത്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് കരുതുന്നു.

പുലർച്ചെ പള്ളിയിൽ നമസ്‌കാരത്തിന് എത്തിയ മുസലിയാരാണ് മരം മുറിച്ചുകടത്തിയത് കണ്ടെത്തിയത്.

വാളുമായി പള്ളിമുറ്റത്ത് കടന്ന് അറത്തുമുറിച്ചാണ് മോഷ്ടാക്കൾ മരം കടത്തിക്കൊണ്ടുപോയിട്ടുള്ളത്. മുറിച്ച ചന്ദനമരത്തിന്റെ ചില്ലകൾ സ്ഥലത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. അമ്പത് വർഷം പഴക്കമുള്ള ചന്ദനമരമാണ് മോഷ്ടിക്കപ്പെട്ടത്. പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply