സ്‌കൂളുകളില്‍ ഇനി ശനിയാഴ്ചയും പ്രവൃത്തിദിനം

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നും പ്രളയത്തെ തുടര്‍ന്നും വിദ്യാലയങ്ങളില്‍ നഷ്ടമായ അധ്യയന ദിവസങ്ങള്‍ വീണ്ടെടുക്കാൻ നീക്കവുമായി സര്‍ക്കാര്‍. നഷ്ടപ്പെട്ട അധ്യയന ദിവസങ്ങളുടെ എണ്ണം അനുസരിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കാനാണ് നിര്‍ദേശം. ഇതനുസരിച്ച് രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴചകൾ പ്രവൃത്തി ദിനമായിരിക്കും.

നിശ്ചയിച്ച തീയതിയില്‍ തന്നെ ഓണപ്പരീക്ഷ മാറ്റമില്ലാതെ നടക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡിഡിഇമാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ഓഗസ്റ്റ് 26 നാണ് ഓണപ്പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍, അടുപ്പിച്ച് അവധി നല്‍കേണ്ടി വന്നതിനാല്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും പരീക്ഷ മാറ്റുന്നത് വാര്‍ഷിക അധ്യയന കലണ്ടറിനെ ബാധിക്കുമെന്നതിനാൽ പരീക്ഷ മാറ്റേണ്ടെന്നാണ് തീരുമാനം.

ഈ അധ്യയന വര്‍ഷം 220 സ്‌കൂള്‍ ദിനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, മഴക്കെടുതിമൂലം പ്രവൃത്തി ദിനങ്ങളില്‍ വിദ്യാലയങ്ങളില്‍ അധ്യയനം നടത്താനായില്ല. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച കൂടി പ്രവൃത്തി ദിനമാക്കാന്‍ തീരുമാനമായത്.

Leave A Reply