ആംബുലന്‍സിന് വഴികാട്ടിയായ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌കാരം 

ബെംഗളൂരു: കര്‍ണാടകയിലെ കൃഷ്ണ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ആംബുലന്‍സിന് വഴികാട്ടിയായി മുന്നേ ഓടിയ ബാലനെ  സാമൂഹ്യമാധ്യമങ്ങള്‍ ഹൃദയംകൊണ്ട് സ്വീകരിച്ചിരുന്നു. ഇപ്പോൾ വെങ്കിടേഷ് എന്ന ആ ബാലനെത്തേടി സംസ്ഥാന സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്‌കാരമെത്തി. റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷ വേളയില്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ബി ശരത്, വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു.
വെങ്കിടേഷ് ആംബുലന്‍സിന് വഴികാട്ടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി ആളുകളാണ് ഈ വീഡിയോ പങ്കുവച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു വെങ്കിടേഷിന്റെ ധീരമായ ഈ പ്രവർത്തി. കര്‍ണാടകയില്‍ മഴ കനത്തപ്പോള്‍ കൃഷ്ണ നദി കരകവിഞ്ഞു. നദി കരകവിഞ്ഞപ്പോള്‍ നദിക്ക് സമീപമുള്ള ദേവദുര്‍ഗ യാഡ്ഗില്‍ റോഡിലും നിറയെ വെള്ളം കയറിയിരുന്നു. നദിയും പാലവും തമ്മിൽ  തിരിച്ചറിയാനാവാത്ത അവസ്ഥ. ആംബുലന്‍സിന്റെ ഡ്രൈവര്‍ പോലും പ്രതിസന്ധിയിലായ ഘട്ടത്തിലാണ്  ആംബുലന്‍സിന് മുന്നിലൂടെ ഓടി വെങ്കിടേഷ് വഴി കാട്ടിയത്.
വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകള്‍ ഈ ബാലനെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു.

Leave A Reply