സ്വാതന്ത്ര്യദിനാഘോഷം പ്രളയാതിജീവനം: കുപ്രചരണങ്ങളെ തളളി നാടാകെ ഒന്നിക്കണമെന്ന് എ സി മൊയ്തീൻ

തൃശൂർ : തെറ്റായതും ജനവിരുദ്ധവുമായ പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് കേരളത്തിൻെ്‌റ പ്രളയാതിജീവനത്തിന് നാടാകെ ഒന്നിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. 73-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻെ്‌റ ഭാഗമായി തേക്കിൻക്കാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം ബാധിച്ച ആയിരകണക്കിന് പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. നൂറിലധികംപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രളയത്തിൻെ്‌റ ഇരകളായവരുടെ അതിജീവനത്തിനും പുനരധിവാസത്തിനും നാട് ഒന്നിക്കേണ്ട സമയമാണിത്. ദുരിതത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം നൽകാനായി വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലാണ് സർക്കാർ സംവിധാനങ്ങളാകെ. ഇതുവരെ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിലും മറ്റുംമെച്ചപ്പെട്ട ഇടപെടൽ നടത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. ദുരിതത്തിൽ അകപ്പെട്ടവർക്ക് കൈത്താങ്ങാകാൻ ജാതി -മത ചിന്തകൾക്കതീതമായി നമ്മുക്ക് സാധിക്കണം. ഇതിന് കൂട്ടായ പരിശ്രമവും മനുഷ്യ സ്‌നേഹികളുടെ സഹായങ്ങളും കൂടിയേ തീരൂ. പുന്നയൂർക്കുളത്ത് പ്രളയത്തിൽ തകർന്ന വൈദ്യുതി ടവർ പുനഃസ്ഥാപിക്കാനുള്ള ജോലിക്കായി യാത്രചെയ്യുന്നതിനിടെ തോണി മറിഞ്ഞ് മരിച്ച കെഎസ്ഇബി എഞ്ചിനീയർ ബൈജുവിനെപ്പോലുള്ളവരുടെ ത്യഗപൂർണമായ പ്രവർത്തനങ്ങളാണ് ഈ നാടിൻെ്‌റ അതിജീവനം സാധ്യമാക്കുന്നത്.

എന്നാൽ ഈ ദുരന്തസമയത്തും ജനവിരുദ്ധവും ഹീനവുമായ പ്രചാരണമാണ് സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പടെയുള്ളവ വഴി ചിലർ അഴിച്ചുവിടുന്നത്. മലയാളികളുടെ ഐക്യബോധത്തെ തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ജാഗ്രതപുലർത്തണം. ദുരന്തബാധിത പ്രദേശങ്ങളിൽ നിരവധിയായ പ്രവർത്തനങ്ങൾ ഇനിയും നടത്തേണ്ടതായിട്ടുണ്ട്. ശുചീകരണപ്രവർത്തനങ്ങൾക്കും, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പവരുത്തുന്നതിനും മറ്റും പൊതുസമൂഹത്തിൻെ്‌റ ഇടപെടൽ അനിവാര്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവിഭാഗം ജനങ്ങളും കഴിയാവുന്ന നിലയിൽ സംഭാവന നൽകി നാടിന് കൈത്താങ്ങാവണമെന്ന് അദ്ദേഹം കൂട്ടിചേർത്തു.

ഭരണഘടനാ മൂല്യങ്ങളും രാജ്യത്തിൻെ്‌റ മതനിരപേക്ഷ സ്വഭാവവും നിലനിർത്താൻ പരിശ്രമിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്. ഇന്ന് ഈ മൂല്യങ്ങൾ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഇവയ്‌ക്കെതിരെ നാം ജാഗരൂകരാകണമെന്നും സ്വാതന്ത്രദിനാഘോഷം പ്രളയാനന്തര അതിജീവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ പ്രചോദനം നൽകട്ടെയെന്നും മന്ത്രി സ്വാതന്ത്രദിന സന്ദേശ പ്രസംഗത്തിൽ പറഞ്ഞു.

Leave A Reply