അതി ശക്തമായ മഴ: പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയരുന്നു; ചെങ്ങന്നൂരിൽ ജാഗ്രതാ നിർദേശം

പത്തനംതിട്ട: പമ്പാനദിയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയരുന്നതിനാൽ ചെങ്ങന്നൂരിൽ ജാഗ്രതാ നിർദേശം നൽകി. ആലപ്പുഴ ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ലയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ യോഗം ചേർന്നു.

പത്തനംതിട്ട റാന്നിയിൽ ഒരു രാത്രികൊണ്ട് പമ്പയാറും കൈവഴിയായ വലിയ തോടും നിറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ പ്രളയത്തിൽ പോലും വലിയ തോട് കരകവിഞ്ഞിരുന്നില്ല. വൈകിട്ട് 5നു തുടങ്ങിയ മഴയിലാണ് ജലനിരപ്പ് ഉയർന്നത്. പമ്പയാറിലും തോടുകളിലും കാൽ ഭാഗം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു വെള്ളം കയറിത്തുടങ്ങി. റാന്നിയിൽ മഴ തുടരുന്നു.

കഴിഞ്ഞ വർഷം ഈ സമയം തോടുകളിലും പുഴയിലും ഇതേ ജലനിരപ്പായിരുന്നു. പാലയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഈാരാറ്റുപേട്ട പാല റോഡില്‍ വെള്ളം കയറി. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave A Reply