ആശ്വാസം: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ 2020 ജനുവരി വരെ സമയം

കോഴിക്കോട്: മഴക്കെടുതിയില്‍പ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ 2020 ജനുവരി വരെ സമയം. അന്നുവരെ പിഴയില്ലാതെ വൈദ്യുതി ബില്‍ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി എം.എം മണി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കാനും കണക്ഷനുകള്‍ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.

കെ.എസ്.ഇ.ബി.എല്ലിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലെ തീരുമാനങ്ങളും അദ്ദേഹം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ബി.പി.എല്‍ വിഭാഗക്കാരുടെ വീടുകളില്‍ വയറിങ് നശിച്ചു പോയിട്ടുണ്ടെങ്കില്‍ സൗജന്യമായി ഒരു ലൈറ്റ് പോയിന്റും ഒരു പ്ലഗ് പോയിന്റും വയറിങ് നടത്തി കണക്ഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ദുരിതാശ്വാസ കേന്ദ്രങ്ങളിലും വൈദ്യുതി സംബന്ധിച്ച കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ലെയ്‌സണ്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply