സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച്‌ ബൈക്കില്‍ ഇരിക്കുന്ന നിലയിൽ പ്രിയദര്‍ശന്റെ മൃതദേഹം; കവളപ്പാറയില്‍ നിന്നും മറ്റൊരു ദുരന്ത കാഴ്ച

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ഒരു പ്രദേശത്തെ ഒന്നാകെ ഇല്ലാതാക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായിട്ടില്ല. എന്നാല്‍ ഇത് എത്രമാത്രം അപ്രതീക്ഷിതവും ഭീതിതവുമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ഉരുള്‍പൊട്ടല്‍ തൂത്തെറിഞ്ഞ മേഖലയിലെ താമസക്കാരനായിരുന്നു താന്നിക്കല്‍ പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെടുത്ത രക്ഷാപ്രവര്‍ത്തകരും നാട്ടുകാരെയും ഒരുപോലെ ഞെട്ടി. സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച്‌ ബൈക്കില്‍ ഇരിക്കുന്ന നിലയിലായിരുന്നു പ്രിയദര്‍ശന്റെ മൃതദേഹം കണ്ടത്. ഉരുള്‍പൊട്ടല്‍ നാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ നിന്നുള്ളതാണ് ഈ നടുക്കുന്ന കാഴ്ച.

തിങ്കളാഴ്ചയാണ് മൃതദേഹം വീട്ടുമുറ്റത്ത് ഇരിക്കുന്ന ബൈക്കില്‍ നിന്ന് കണ്ടെത്തിയത്. ഇരുന്ന ബൈക്കില്‍ നിന്ന് മറിഞ്ഞു വീഴുക പോലും ചെയ്യുന്നതിന് മുമ്പ് ജീവന്‍ നഷ്ടപ്പെട്ടു എന്ന സത്യമാണ് ഏവരെയും നോവിക്കുന്നത്.

ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസം വൈകുന്നേരം 7.45ഓടെ ബൈക്കില്‍ വീട്ടിലെത്തിയതായിരുന്നു പ്രിയദര്‍ശന്‍. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് നിര്‍ത്തിയിടുന്നതിനിടെയാണ് ഉരുള്‍പ്പൊട്ടിയത്. നിമിഷ നേരംകൊണ്ട് പ്രിയദര്‍ശനെയും വീടിനെയും മണ്ണെടുത്തു.

തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയദര്‍ശന്‍ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേയ്ക്ക് പോയതെന്ന് സുഹൃത്ത് വെളിപ്പെടുത്തി. പക്ഷേ മുറ്റത്തെത്തിയപ്പോഴേയ്ക്കും അപകടം സംഭവിച്ചുവെന്നും ഇവര്‍ പറയുന്നു. വീടിനകത്ത് പ്രിയദര്‍ശന്റെ അമ്മയും അമ്മൂമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. പ്രിയദര്‍ശന്റെ അമ്മ രാഗിണിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി. അമ്മൂമ്മയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

Leave A Reply