ചൈനയില്‍ ശാസ്ത്രവാര്‍ത്തകൾ എഴുതുന്നത് ‘ഷ്യാവോക്’ എന്ന റോബോട്ട്

ബെയ്ജിങ്: ചൈനയില്‍ ശാസ്ത്രവാര്‍ത്തകളെഴുതാന്‍ റോബോട്ട്. ചൈന സയന്‍സ് ഡെയ്‌ലിയാണ് മുന്‍നിര സയന്‍സ് ജേർണലുകളെ അടിസ്ഥാനമാക്കി ശാസ്ത്രവാര്‍ത്തകള്‍ സ്വയമെഴുതുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്.

‘ഷ്യാവോക്’ എന്നാണ് ഈ റോബോട്ട് സയന്‍സ് റിപ്പോര്‍ട്ടറിന്റെ പേര്. പെകിങ് സര്‍വകലാശാലയിലെ ഗവേഷകരുമായി ചേര്‍ന്നാണ് ചൈന സയന്‍സ് ഡെയ്‌ലി ഷ്യാവോകിനെ നിര്‍മിച്ചത്.

സയന്‍സ്, നേച്ചര്‍, സെല്‍, ന്യൂ ഇംഗ്ലണ്ട് ജേർണല്‍ ഓഫ് മെഡിസിന്‍ തുടങ്ങിയ ശാസ്ത്ര ജേർണലുകളില്‍ നിന്നും 200-ഓളം വാര്‍ത്തകളാണ് ഷ്യാവോക് സൃഷ്ടിച്ചിട്ടുള്ളത്. ഷ്യാവോക് എഴുതുന്ന വാര്‍ത്തകള്‍ പരിശോധിച്ചതിന് ശേഷമാണ് പ്രസിദ്ധീകരിക്കുക.

ചൈനീസ് ശാസ്ത്രജ്ഞര്‍ക്കിടയിലെ ഭാഷയുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഒരു മിശ്രഭാഷ അക്കാദമിക് സെക്രട്ടറിയായി ഷ്യാവോക്കിനെ മാറ്റാനുള്ള ശ്രമങ്ങളും ഗവേഷകര്‍ നടത്തി വരുന്നുണ്ട്. ഇതുവഴി ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ഏറ്റവും പുതിയ ശാസ്ത്ര വാര്‍ത്തകള്‍ ഭാഷാ പ്രതിബന്ധങ്ങള്‍ മറികടന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്നു.

കേവലം വിവര്‍ത്തനം എന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്ളടക്ക നിര്‍മിതിയില്‍ (Content Generartion) ഷ്യാവോക്കിന് ചെയ്യാനാവുമെന്ന് പെകിങ് സര്‍വകലാശാലയിലെ ഗവേഷകന്‍ വാന്‍ ഷ്യാവോജുന്‍ പറഞ്ഞു.

സങ്കീര്‍ണമായ ശാസ്ത്രപദങ്ങള്‍ തിരിച്ചറിഞ്ഞ് ലളിതമായി വാര്‍ത്ത അവതരിപ്പിക്കാനുള്ള കഴിവ് ഷ്യാവോക്കിനുണ്ട്. വാര്‍ത്തയ്ക്ക് അടിസ്ഥാനമായ പഠനത്തിന്റെ ലിങ്കും സംക്ഷിപ്തരൂപവും ഷ്യാവോക്ക് വാര്‍ത്തകളില്‍ ഉള്‍പ്പെടുത്താറുണ്ട്. http://paper.sciencenet.cn/AInews/. എന്ന ലിങ്കില്‍ ഷ്യാവോക്ക് എഴുതിയ വാര്‍ത്തകള്‍ കാണാം. മനുഷ്യ ജേണലിസ്റ്റുകള്‍ എഴുതുന്നതിനേക്കാള്‍ വേഗതയില്‍ ഈ റോബോട്ടുകള്‍ക്ക് വാര്‍ത്തകളെഴുതാനാവും.

റോബോട്ട് റിപ്പോര്‍ട്ടര്‍ എന്ന ആശയം ഇത് ആദ്യമായല്ല പരീക്ഷിക്കപ്പെടുന്നത്. അടുത്തകാലത്തായി വിവിധ ചൈനീസ് മാധ്യമങ്ങള്‍ കാലാവസ്ഥ, സ്‌പോര്‍ട്‌സ്, സാമ്പത്തികം തുടങ്ങിയ മേഖലകളിലെ വാര്‍ത്തകള്‍ക്കായി റോബോട്ട് എഴുതുക്കാരെ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Leave A Reply