ക്യാമ്പുകളില്‍ മാനസികാരോഗ്യ പരിചരണത്തിന് 30 അംഗസംഘം

വെയ്ൻഡ് : ദുരന്തമുഖങ്ങളില്‍ പകച്ചുപോയി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മനോബലം നല്‍കാന്‍ 30 അംഗ വിദഗ്ധസംഘം. ജില്ലാ മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ ഡോ. ഹരീഷ് കൃഷ്ണന്റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തനം തുടങ്ങിയത്. ജില്ലയിലെ സൈക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍, വോളന്റിയര്‍ കൗണ്‍സിലര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി കോര്‍ ഗ്രൂപ്പും ഇന്റര്‍വെന്‍ഷന്‍ ടീമും രൂപീകരിച്ചാണ് പ്രവര്‍ത്തനം.

സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ ഉള്‍പ്പെടെ ആറുപേരാണ് കോര്‍ ഗ്രൂപ്പില്‍. കൗണ്‍സലര്‍മാരടക്കം ശേഷിക്കുന്നവര്‍ ഇന്റര്‍വെന്‍ഷന്‍ ഗ്രൂപ്പിലും പ്രവര്‍ത്തിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സംഘത്തിനൊപ്പം ചേരുന്നതോടെ പ്രവര്‍ത്തനം ഊര്‍ജിതമാവും. പ്രത്യേക പരിചരണം ആവശ്യമായവരെ ഇന്റര്‍വെന്‍ഷന്‍ ഗ്രൂപ്പ് കണ്ടെത്തും. ഇവര്‍ക്ക് ചികില്‍സ നല്‍കുന്നത് കോര്‍ ഗ്രൂപ്പാണ്. കോഴിക്കോട് ജില്ലയില്‍ നിന്നടക്കം സന്നദ്ധ പ്രവര്‍ത്തനത്തിനായി യെത്തിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെത്തി പൊതുവായി കാണപ്പെടുന്ന മാനസിക പ്രശ്നങ്ങളുണ്ടോയെന്നു ഇന്റര്‍വെന്‍ഷന്‍ ടീം പരിശോധിച്ചുവരികയാണ്.

ദുരിതബാധിതര്‍ക്ക് പറയാനുള്ളത് കേട്ട് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് നല്‍കുകയാണ് പ്രധാനം. കുട്ടികള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കായി ഗ്രൂപ്പ് തെറാപ്പി സെഷന്‍സും ഇവര്‍ കൈകാര്യം ചെയ്തുവരുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് കണ്ടുവരുന്ന അമിത ഉല്‍ക്കണ്ഠ, വിഷാദം, ഉറക്കക്കുറവ്, മറ്റെന്തെങ്കിലും തരത്തിലുള്ള മാനസിക സമ്മര്‍ദ്ദം എന്നിവ വിലയിരുത്തി പ്രത്യേക കൗണ്‍സലിങും ആവശ്യമെന്നു കണ്ടെത്തുന്നവര്‍ക്ക് മരുന്നുകളും ആദ്യഘട്ടത്തില്‍ നല്‍കും.

ആശാവര്‍ക്കര്‍മാരെ പരിശീലിപ്പിച്ച് കൂടുതല്‍ പ്രശ്നങ്ങളുള്ളവരെ കണ്ടെത്തി പ്രത്യേക ചികില്‍സ നല്‍കുകയാണ് രണ്ടാംഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. മാനസിക സമ്മര്‍ദ്ദം കൂടുതലായി അനുഭവിക്കുന്നവരെ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമായ മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് റഫര്‍ ചെയ്യും. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടുതലായതിനാല്‍ ഒരാഴ്ചയ്ക്കകം എല്ലായിടത്തും സേവനം എത്തിക്കാനാണ് വിദഗ്ധസംഘം ലക്ഷ്യമിടുന്നത്.

Leave A Reply