മുഖംമൂടി ധരിച്ച് വാക്കത്തിയുമായി കള്ളന്മാരെത്തി; ചെരിപ്പും പ്ലാസ്റ്റിക് കസേരയും കൊണ്ട് തുരത്തിയോടിച്ച് വയോധിക ദമ്പതിമാര്‍

ചെന്നൈ: വാക്കത്തിയുമായി കൊള്ളയടിക്കാന്‍ എത്തിയ രണ്ടുകള്ളന്മാരെ ചെരിപ്പും പ്ലാസ്റ്റിക് കസേരയും ഉപയോഗിച്ച് തുരത്തിയോടിച്ച് വയോധിക ദമ്പതിമാര്‍. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. ദമ്പതിമാര്‍ ചേര്‍ന്ന് കള്ളന്മാരെ തുരത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഷണ്‍മുഖവേല്‍ എന്ന 70കാരനും 65കാരിയായ ഭാര്യ സെന്താമരൈയും താമസിക്കുന്ന ഫാം ഹൗസിലായിരുന്നു സംഭവം. മുഖംമൂടി ധരിച്ച രണ്ട് കള്ളന്മാരാണ് ഇവിടെയെത്തിയത്. കള്ളന്മാരില്‍ ഒരാള്‍, വീടിനു പുറത്ത് വിശ്രമിക്കുകയായിരുന്ന ഷണ്‍മുഖവേലിന്റെ പിന്നിലൂടെയെത്തി കഴുത്തില്‍ തുണിമുറുക്കി. ഷണ്‍മുഖവേലിന്റെ ശബ്ദം കേട്ട് പുറത്തെത്തിയ സെന്താമരൈ കവർച്ചക്കാരന് നേരെ നിലത്തുകിടന്ന ചെരിപ്പ് വലിച്ചെറിഞ്ഞു. ഇതിനിടെ കള്ളന്റെ പിടിയില്‍നിന്ന് ഷണ്‍മുഖവേല്‍ രക്ഷപ്പെട്ടു. പിന്നീട് പ്ലാസ്റ്റിക് കസേരയുപയോഗിച്ച് കള്ളന്മാരെ നേരിട്ടു.

തുടര്‍ന്ന് മുറ്റത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കസേരകള്‍ കൊണ്ട് ഷണ്‍മുഖവേലും സെന്താമരൈയും കള്ളന്മാരെ ആക്രമിച്ചു. സംഭവത്തില്‍ സെന്താമരൈയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. സെന്താമരൈയുടെ 33 ഗ്രാമിന്റെ സ്വര്‍ണമാല കള്ളന്മാര്‍ പൊട്ടിച്ചെടുത്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Leave A Reply