പതിനെട്ട് വര്‍ഷത്തിനിടെ അവധിക്കാലം ആദ്യമായി; പ്രധാനമന്ത്രി മോദി

ഉത്തരാഖണ്ഡ്: പതിനെട്ടുവര്‍ഷത്തിനിടെ താന്‍ അവധിക്കാലം ആഘോഷിച്ചിട്ടില്ലെന്നും ഇത് തന്‍റെ ആദ്യത്തെ അവധിക്കാലമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സാഹസിക സഞ്ചാരിയുമായ ബെയർ ഗ്രിൽസ് അവതാരകനായി എത്തുന്ന പരിപാടിയുടെ പുതിയ എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അതിഥി.  മാന്‍ വെര്‍സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത് ബെയര്‍ ഗ്രില്‍സ് ആണ്.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം രാജ്യത്തിന്‍റെ വികസനത്തിനായി ചെലവഴിച്ചതില്‍ സന്തോഷമുണ്ട്. ഇതിനെയാണ് അവധിക്കാലമെന്ന് പറയുന്നതെങ്കില്‍ ഇതെന്‍റെ 18 വര്‍ഷത്തിനിടയിലെ ആദ്യത്തെ അവധിക്കാലമാണ് മോദി പറഞ്ഞു. എന്താണ് ജീവിതത്തിലെ ആഗ്രഹമെന്നുള്ള ബെയര്‍ ഗ്രില്‍സിന്‍റെ ചോദ്യത്തിന് തനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്നും എന്താണ്  നിക്ഷിപ്തമായ ചുമതലയെന്നും മാത്രമാണ് ചിന്തിക്കാറുള്ളതെന്നും മോദി പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ തന്‍റേതാക്കാനാണ് ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്ന് സ്വപ്‌നം കണ്ടിരുന്നുവോയെന്ന ചോദ്യത്തിന് രാജ്യത്തിന്റെ വികസനം മാത്രമാണ് സ്വപ്‌നം കണ്ടിരുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. ‘ഒരു സംസ്ഥാന മുഖ്യമന്ത്രി ആയിരുന്നു ആദ്യം. 13 വര്‍ഷം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു. ഒരു പുതിയ യാത്രയുടെ തുടക്കമായിരുന്നു അത്. പിന്നീട് താന്‍ ഈ ജോലി ചെയ്യേണ്ടതുണ്ടെന്ന് എന്റെ രാജ്യം തീരുമാനിച്ചു. അതിനാല്‍ അഞ്ച് വര്‍ഷമായി ഈ ജോലി ചെയ്യുന്നു’ – പ്രധാനമന്ത്രി പറഞ്ഞു.

മുൻ അമേരിക്കൻ പ്രസിഡന്റ ബറാക്ക് ഒബാമയടക്കം നിരവധി പ്രശസ്തരായ വ്യക്തികൾ മാൻ വേഴ്സസ് വൈൽഡിൽ അതിഥികളായി എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് പാർക്കിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടിയുടെ എപ്പിസോഡ് ചിത്രീകരിച്ചത്.

Leave A Reply